ന്യൂഡല്‍ഹി: 48ാമത് അന്താരാഷ്ട്ര സാമ്പത്തിക സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് യാത്ര തിരിച്ചു.
ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, വാണിജ്യവ്യവസായമന്ത്രി സുരേഷ് പ്രഭു, എം ജെ അക്ബര്‍, പിയൂഷ് ഗോയല്‍, ധര്‍മ്മേന്ദ്ര പ്രധാന്‍, ജിതേന്ദ്ര സിംഗ് എന്നിവരും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. 23 ന് ചൊവ്വാഴ്ച പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. അതിനുശേഷം അദ്ദേഹം സ്വിസ് നേതാക്കളുമായി നയതന്ത്ര ചര്‍ച്ചകള്‍ നടത്തും.
തന്റെ 24 മണിക്കൂര്‍ നീണ്ട സന്ദര്‍ശന വേളയില്‍, ലോകത്തെമ്പാടുമുള്ള സിഇഒമാര്‍ക്ക് അദ്ദേഹം അത്താഴവിരുന്ന് നല്‍കും. കൂടാതെ, ഇന്റര്‍നാഷണല്‍ ബിസിനസ് ഗ്രൂപ്പിലെ 120 അംഗങ്ങളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും.
20 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ലോക സാമ്പത്തിക സമ്മേളനത്തില്‍ സംബന്ധിക്കുന്നത്.