ന്യൂഡല്‍ഹി: അടുത്തവര്‍ഷം രാജ്യത്തെ ആറ് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിര്‍ണ്ണായക തിരഞ്ഞെടുപ്പില്‍ വിജയം വരിക്കാന്‍ പാക്കിസ്ഥാനില്‍ കയറിയുള്ള ഇന്ത്യയുടെ പ്രത്യാക്രമണം വഴി ഒരുക്കുമെന്ന പ്രതീക്ഷയില്‍ ബിജെപി.
ചങ്കുറപ്പും കരുത്തുമുള്ള ഒരു നേതൃത്വത്തിന് കീഴില്‍ ലോകത്തിന് മുന്നില്‍ ഇന്ത്യക്കാരന് തല ഉയര്‍ത്തി നില്‍ക്കാനുള്ള സാഹചര്യം മോദി സര്‍ക്കാര്‍ ഉണ്ടാക്കിയത് ചൂണ്ടിക്കാട്ടിയാകും വരുന്ന തിരഞ്ഞെടുപ്പുകളെ ബിജെപി നേരിടുക.
ആക്രമണത്തിന്റെ വരും വരായ്കകള്‍ എന്ത് തന്നെയായാലും അഭിമാന ബോധമുള്ള ഇന്ത്യക്കാരന്‍ മോദിയെയും ബിജെപിയേയും കൈവിടില്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ.
സംഘര്‍ഷഭരിതമായ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിക്കാന്‍ താല്‍പര്യമില്ലെന്ന് ബിജെപ നേതൃത്വം വ്യക്തമാക്കുന്നുണ്ടെങ്കിലും വരുന്ന തിരഞ്ഞെടുപ്പുകളില്‍ ഈ ‘തിരിച്ചടി’ തന്നെയായിരിക്കും ബിജെപിയുടെ പ്രധാന പ്രചരണായുധമെന്നാണ് രാഷ്ട്രീയനിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യാ-പാക്ക് യുദ്ധത്തിന് ശേഷം അനവധി തവണ പാക്ക് സൈന്യവും ഭീകരരും ആയിരക്കണക്കിന് ഇന്ത്യന്‍ ഭടന്മാരെയും ജനങ്ങളെയും കൊലപ്പെടുത്തിയിട്ടുണ്ടെങ്കിലും പാക്ക് അതിര്‍ത്തി കടന്ന് ഇതുവരെ ഒരു ആക്രമണം നടത്താന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. സൈന്യം പലപ്പോഴും അതിന് തയ്യാറായപ്പോഴും ഭരണകൂടങ്ങള്‍ സംയമനം പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ആ ചരിത്രമാണ് മോദിയുടെ സര്‍ക്കാര്‍ ഇപ്പോള്‍ മാറ്റി മറിച്ചിരിക്കുന്നത്.സംയമനത്തിന്റെ പാതയില്‍ സംസാരിച്ചപ്പോഴും പിടഞ്ഞ് വീണ ഇന്ത്യന്‍ സൈനീകരുടെ രക്തത്തിന് പകരം ചോദിക്കാന്‍ ആര്‍ജ്ജവം കാണിച്ച ആ കരുത്തിനാണ് ഇന്ന് ഇന്ത്യയിലെ പ്രതികരണശേഷിയുള്ള ജനതയുടെ സല്യൂട്ട്.
അത് രാഷ്ട്രീയ താല്‍പര്യത്തിലല്ല മറിച്ച് ഒരു ജനതയുടെ വികാരം ശാശ്വതമാക്കിയതിലുള്ള പ്രതിധ്വനിയാണ്.