ന്യൂഡല്‍ഹി : സര്‍ദാര്‍ വല്ലഭായി പട്ടേലിനെ ചരിത്രത്തില്‍ നിന്ന് തുടച്ചു നീക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
രാജ്യത്തിനായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് നടന്ന റണ്‍ ഫോര്‍ യൂണിറ്റി മാരത്തണ്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു പ്രധാനമന്തി.
സ്വാതന്ത്ര്യത്തിനു മുന്‍പും സ്വാതന്ത്ര്യലബ്ധിക്കു ശേഷവുമെല്ലാം പട്ടേല്‍ രാജ്യത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളെ രാജ്യത്തിന് വിസ്മരിക്കാനാവില്ല, വെല്ലുവിളികളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിന് മുന്നിട്ടിറങ്ങിയ അദ്ദേഹം പക്ഷേ അരികുവല്‍ക്കരിക്കപ്പെട്ടുവെന്നും മോദി ചൂണ്ടിക്കാട്ടി.
രാജ്യം ഭരിക്കുന്ന സര്‍ക്കാരിനോടുള്ള എതിര്‍പ്പുകള്‍ തുടരുമ്പോഴും പട്ടേലിനെപ്പോലുള്ളവരെ സ്മരിക്കാന്‍ രാജ്യത്തെ ജനത മറക്കരുത്, രാജ്യത്തെ വൈവിധ്യങ്ങളെ അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളാനാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡു, ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.