ചെന്നൈ: രാജ്യത്തിന്റെ ആദരം കരുണാനിധിക്ക് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ചെന്നൈയില്‍ എത്തും. അദ്ദേഹത്തിന് പുറമെ നിരവധി കേന്ദ്ര മന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും ചെന്നൈയില്‍ എത്തും.
കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ , കര്‍ണ്ണാടക മുഖ്യമന്ത്രി കുമാരസ്വാമി, തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു ,ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പുതുച്ചേരി ഗവര്‍ണ്ണര്‍ കിരണ്‍ ബേദി, മുഖ്യമന്ത്രി നാരായണ സ്വാമി തുടങ്ങി രാജ്യത്തിനകത്തെ പ്രമുഖ നേതാക്കള്‍ കരുണാനിധിക്ക് ആദരവ് അര്‍പ്പിക്കാനായി എത്തുന്നുണ്ട്.
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ വലിയ താരപ്പടയും ആദരാഞ്ജലി അര്‍പ്പിക്കും.
കരുണാനിധിയുടെ സംസ്‌കാരത്തിനായി ഗാന്ധി മണ്ഡപത്തില്‍ രണ്ട് ഏക്കര്‍ സ്ഥലം തമിഴക സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സംസ്‌കാരത്തിന് മറീന ബീച്ചില്‍ സ്ഥലം നല്‍കാത്ത സര്‍ക്കാര്‍ നടപടിയില്‍ ഡി.എം.കെ നേതാക്കള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
കരുണാനിധിയുടെ മരണവാര്‍ത്ത അറിഞ്ഞതോടെ ഡി.എം.കെ പ്രവര്‍ത്തകര്‍ പ്രകോപിതരായി തെരുവിലിറങ്ങിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സേനയെ ചെന്നൈയില്‍ വിന്യസിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ചെന്നെയിലേക്ക് കുതിച്ച് കൊണ്ടിരിക്കുകയാണ്.
അതേസമയം, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അനുശോചനമറിയിച്ചു. ദേശീയ പുരോഗതിയ്‌ക്കൊപ്പം പ്രാദേശിക വികസന താല്‍പര്യങ്ങള്‍ക്കും വേണ്ടി നിലകൊണ്ട വ്യക്തിത്വമാണു കരുണാനിധിയെന്ന് മോദി ഓര്‍മ്മിച്ചു.
തമിഴ്‌നാട്ടുകാരുടെ ക്ഷേമത്തിനു വേണ്ടി നെഞ്ചുറപ്പോടെ നിലയുറപ്പിച്ച അദ്ദേഹം തമിഴ്‌നാടിന്റെ ശബ്ദം കേള്‍ക്കേണ്ടവരിലേക്കു തന്നെ എത്തിയെന്ന് ഉറപ്പാക്കിയിരുന്നെന്നും, ഒട്ടേറെ അവസരങ്ങളില്‍ കരുണാനിധിയുമായി സംസാരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും, സാമൂഹ്യ വികസന വിഷയങ്ങളിലെ നയങ്ങളില്‍ വ്യക്തമായ ധാരണയും അവ നേടിയെടുക്കാനുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തന തീവ്രതയും എല്ലായിപ്പോഴും ഉയര്‍ന്നു തന്നെ നില്‍ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മാത്രമല്ല, ജനാധിപത്യ നയങ്ങള്‍ക്കു വേണ്ടി എപ്പോഴും നിലകൊണ്ട അദ്ദേഹം അടിയന്തരാവസ്ഥാക്കാലത്തു സ്വീകരിച്ച എതിര്‍നിലപാടുകള്‍ എന്നെന്നും ഓര്‍മിക്കപ്പെടുമെന്നും മോദി ട്വീറ്റ് ചെയ്തു.
ഇന്ത്യ കണ്ട ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളായിരുന്നു കരുണാനിധി. ജനമനസ്സുകളിലെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന നേതാവായിരുന്നു കലൈജ്ഞര്‍. മികച്ച ചിന്തകന്‍, എഴുത്തുകാരന്‍ എന്നീ പദവികള്‍ക്കൊപ്പം പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍കരിക്കപ്പെട്ടവര്‍ക്കും വേണ്ടി ജീവിതം മാറ്റിവച്ച കരുത്തുറ്റ നേതാവായിരുന്നു കരുണാനിധി. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും നാല് തുടര്‍ ട്വീറ്റുകളിലായി പ്രധാനമന്ത്രി അറിയിച്ചു.