ന്യൂഡല്‍ഹി: ആര്‍.എസ്.എസും വിശ്വഹിന്ദു പരിഷത്തും സംരക്ഷിക്കുന്ന പശുസംരക്ഷക സേനയെ തള്ളിപ്പറയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രേരിപ്പിച്ചത് ഗുജറാത്തിലും യു.പിയിലും അലയടിക്കുന്ന ദളിത് പ്രക്ഷോഭം.
ഗോരക്ഷക് എന്നറിയപ്പെടുന്ന പശുസംരക്ഷകര്‍ സാമൂഹ്യവിരുദ്ധരും നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നവരുമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഇവര്‍ രാത്രിയില്‍ അക്രമങ്ങള്‍ നടത്തുകയും പകല്‍ പശുവാദികളാവുകയാണ്. ഇത്തരക്കാര്‍ക്കെതിരേ നടപടി എടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുമെന്നുമാണ് മോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്.
ന്യൂഡല്‍ഹിയില്‍ മൈ ഗവണ്‍മെന്റ് പരിപാടിയിലെ ചോദ്യോത്തര സെഷനിലാണ് അദ്ദേഹം പശുസംരക്ഷകര്‍ക്കെതിരെ ആഞ്ഞടിച്ചത്.
ഉനയില്‍ ചത്ത പശുവിന്റെ തോലുരിച്ചതിന് ഗോരക്ഷാ ദള്‍ പ്രവര്‍ത്തകര്‍ ദളിതുകളെ മര്‍ദ്ദിച്ചതോടനുബന്ധിച്ച പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി ഗുജറാത്തില്‍ ദളിത് മുന്നേറ്റം ശക്തമായിരിക്കയാണ്. പ്രതിഷേധത്തിനിടെ ആനന്ദി ബെന്‍ പട്ടേലിന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു. ഗുജറാത്തിലെ ദളിത് പ്രക്ഷോഭത്തെ പിന്തുണച്ച് യു.പിയിലും ദളിതുകള്‍ സമരരംഗത്താണ്. നിര്‍ണ്ണായക വോട്ടുബാങ്കായ ദളിതുകളെ പിണക്കിയാല്‍ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലും യു.പിയിലും തിരിച്ചടിയാകുമെന്ന ആശങ്കയാണ് പശുസംരക്ഷണ സേനയെ തള്ളിപ്പറയാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചത്.
അതേസമയം പശുവാദികള്‍ക്ക് ശക്തമായ പിന്തുണയും സംരക്ഷണവുമാണ് ആര്‍.എസ്.എസ് നല്‍കുന്നത്. ഗോമാതാവിനെ കൊല്ലുന്നവരുടെ തലയെടുക്കണമെന്ന കടുത്ത നിലപാടാണ് സാക്ഷിമഹാരാജ് ,സ്വാധി പ്രാചി അടക്കമുള്ളവര്‍ ഉയര്‍ത്തുന്നത്.
മോദിയുടെ ഇപ്പോഴത്തെ നിലപാട് സംഘ്പരിവാര്‍ സംഘടനകള്‍ക്ക് തിരിച്ചടിയാണെങ്കിലും നിലവിലെ ‘സാഹചര്യം’ മുന്‍നിര്‍ത്തിയുള്ള പ്രതികരണമായതിനാല്‍ പ്രധാനമന്ത്രിക്കെതിരെ പ്രതികരിക്കേണ്ടെന്ന നിലപാടിലാണ് സംഘ്പരിവാര്‍ നേതൃത്വം.
ഗുജറാത്തില്‍ തന്റെ പിന്‍ഗാമിയായ ആനന്ദി ബെന്‍ പട്ടേലിന് രാജി വയ്‌ക്കേണ്ടി വന്നതും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാവുമെന്ന റിപ്പോര്‍ട്ടുകളും മോദിയെ ഏറെ അസ്വസ്ഥമാക്കിയിട്ടുണ്ട്.
ഹാര്‍ദ്ദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള സംവരണ പ്രക്ഷോഭം ശക്തിയാര്‍ജിക്കുകയും ബിജെപി വോട്ട് ബാങ്കായ പട്ടേല്‍ വിഭാഗം ഉടക്കി നില്‍ക്കുകയും ചെയ്യുന്ന വെല്ലുവിളികള്‍ക്കിടയിലായിരുന്നു ഗോ രക്ഷാദള്‍ പ്രവര്‍ത്തകര്‍ ദളിതുകളെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട പ്രക്ഷോഭവും അലയടിച്ചിരുന്നത്.
ഡല്‍ഹിയില്‍ തന്റെ മൂക്കിന് താഴെയിരുന്ന് എന്നും തലവേദന സൃഷ്ടിക്കുന്ന ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ തന്നെയാണ് ഗുജറാത്തിലും ബിജെപിക്കെതിരെ മുതലെടുപ്പ് നടത്തുന്നത് എന്നതും മോദിയെ അസ്വസ്ഥനാക്കിയിട്ടുണ്ട്.
23കാരനായ ഹാര്‍ദ്ദിക് പട്ടേലിനെ കൂട്ടുപിടിച്ചും ദളിത് വികാരം ഉപയോഗപ്പെടുത്തിയും ഗുജറാത്തില്‍ ശക്തമായ ഇടപെടലാണ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടന്ന് വരുനന്ത്.