ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപത്തില്‍ സാം പിത്രോദ നടത്തിയ വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനെയും സാം പിത്രോദയേയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിന്റെ അസഹിഷ്ണുതയും അവര്‍ എന്താണെന്നുള്ളതുമാണ് സാം പിത്രോദയുടെ വാക്കുകളില്‍ തെളിഞ്ഞതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിന് എല്ലാം ഹുവ തോ ഹുവ (കഴിഞ്ഞത് കഴിഞ്ഞു) രീതിയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ അസഹിഷ്ണുതയാണ് അവരുടെ മുതിര്‍ന്ന നേതാക്കളിലൊരാളുടെ വാക്കുകളില്‍ ഇന്നലെ പ്രതിഫലിച്ചത്. 1984ലെ സിഖ് വിരുദ്ധ കലാപത്തെ ഹുവ തോ ഹുവ എന്നാണ് അദ്ദേഹം പറയുന്നത്. ഗാന്ധി കുടുംബത്തിന്റെ ഏറ്റവും അടുത്ത നേതാക്കളിലൊരാളാണ് ഇദ്ദേഹമെന്നും മോദി അറിയിച്ചു.
സിഖ് വിരുദ്ധ കലാപം സംഭവിച്ചു പോയെന്നാണ് അദ്ദേഹം പറയുന്നത്. ഡീസലും പെട്രോളും ഒഴിച്ച് നൂറ് കണക്കിന് സിഖുകാരെയാണ് കത്തിച്ച് കളഞ്ഞത്. ഹരിയാനയിലും ഹിമാചല്‍ പ്രദേശിലും മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലുമെല്ലാം സിഖുകാരെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയായിരുന്നു. എന്നിട്ടാണ് ഹുവ തോ ഹുവ എന്ന് ഈ വിഷയത്തെ നിസാരവത്കരിക്കുന്നതെന്നും മോദി വിമര്‍ശിച്ചു.
അതേസമയം സാം പിത്രോദ നടത്തിയ വിവാദ പ്രസ്താവന തള്ളി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്ത് വന്നിരുന്നു. സാം പിത്രോദ പരിധി ലംഘിച്ചു. പരാമര്‍ശത്തില്‍ പിത്രോദ മാപ്പുപറയണമെന്നും രാഹുല്‍ ഗാന്ധി ആവസ്യപ്പെട്ടു. സിഖ് കൂട്ടക്കൊല വലിയ വേദനയുണ്ടാക്കിയെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.
സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് ഓവര്‍സീസ് അധ്യക്ഷന്‍ സാം പിത്രോദയുടെ വിവാദ പരാമശത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ്
രംഗത്തെത്തിയിരുന്നു. സാം പിത്രോദയുടേത് പാര്‍ട്ടി നിലപാടല്ലെന്നും അഭിപ്രായം തികച്ചും വ്യക്തിപരമാണെന്നും കോണ്‍ഗ്രസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി . പരസ്യ പ്രസ്താവനകള്‍ നടത്തുമ്പോള്‍ നേതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി.
1984 ല്‍ സിഖ് കൂട്ടക്കൊല നടന്നു. ഇനി എന്താണ് തങ്ങള്‍ക്ക് ചെയ്യാനാകുകയെന്നായിരുന്നു സാം പിത്രോദയുടെ വിവാദ പ്രസ്താവന. സാം പിത്രോദയുടെ വാക്കുകളെ രാഷ്ടീയ ആയുധമാക്കി ബിജെപി പ്രതിഷേധം കടുപ്പിച്ചിരുന്നു. എന്നാല്‍ തന്റെ വാക്കുകളെ ബിജെപി വളച്ചൊടിക്കുകയാണെന്നാണ് സാം പിത്രോദയുടെ വിശദീകരണം