ന്യൂഡല്‍ഹി: പിണറായി വിജയന്‍ അടക്കം നാല് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു, കുമാരസ്വാമി എന്നിവരാണ് പിണറായിക്കൊപ്പമുണ്ടായിരുന്ന മറ്റ് മുഖ്യമന്ത്രിമാര്‍. ലഫ്.ഗവര്‍ണറുടെ വസതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മന്ത്രിമാരും നടത്തുന്ന സമരം തീര്‍ക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ടതായാണ് സൂചന.
സമരത്തിന് പിന്തുണയര്‍പ്പിച്ച് പിണറായി, മമത, ചന്ദ്രബാബു നായിഡു, കുമാരസ്വാമി എന്നിവര്‍ ഇന്നലെ കെജ്‌രിവാളിന്റെ വസതി സന്ദര്‍ശിച്ചിരുന്നു. കെജ്‌രിവാളിനെ സന്ദര്‍ശിക്കാന്‍ ലഫ്. ഗവര്‍ണറുടെ ഓഫീസ് അനുമതി നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു സന്ദര്‍ശനം കെജ്‌രിവാളിന്റെ വസതിയിലേക്കാക്കിയത്.
നീതി ആയോഗിന്റെ യോഗത്തിന് ഡല്‍ഹിയിലെത്തിയപ്പോഴാണ് മുഖ്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയത്. കെജ്‌രിവാളിനെ കാണാന്‍ അനുമതി നിഷേധിച്ചതോടെ നാലു മുഖ്യമന്ത്രിമാരും സംഘമായി കെജ്‌രിവാളിന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കണ്ട് പിന്തുണ അറിയിക്കുകയായിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസാണ് മുഖ്യമന്ത്രിമാര്‍ക്ക് അനുമതി നിഷേധിക്കാന്‍ നിര്‍ദേശിച്ചതെന്നും ഗവര്‍ണര്‍ തനിയെ ഇത്തരമൊരു തീരുമാനമെടുക്കില്ലെന്നും കെജ്‌രിവാള്‍ പിന്നീട് ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം, അരവിന്ദ് കെജ്‌രിവാളിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രിമാര്‍ രംഗത്തെത്തിയതിനെ വിമര്‍ശിച്ച് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വിജയ് ഗോയല്‍ രംഗത്തെത്തി. ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനുനേരെ കെജ്‌രിവാളിന്റെ സാന്നിധ്യത്തില്‍ മന്ത്രിമാരുടെ അക്രമമുണ്ടായപ്പോള്‍ ഈ നാല് മുഖ്യന്മാരും എവിടെയായിരുന്നെന്ന് അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിമാരെല്ലാം പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കാനാണ് തലസ്ഥാനത്തെത്തിയത്, അല്ലാതെ രാഷ്ട്രീയം കളിക്കാനല്ല. ഇത് അവര്‍ക്കു ചേര്‍ന്ന പ്രവൃത്തിയല്ലന്നും ഗോയല്‍ പറഞ്ഞു. കേജ്‌രിവാളിന് മുഖ്യമന്ത്രിമാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതുപോലെ അന്‍ഷു പ്രകാശിന് ഈ നാല് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാല്‍ എങ്ങനെയുണ്ടാകുമെന്നും അദ്ദേഹം ചോദിച്ചു.