ശീതകാല സമ്മേളനത്തിന് മുന്നോടിയായി സര്‍വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി സര്‍വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കലും മിനിമം താങ്ങുവില സംബന്ധിച്ച നിയമം വേണമെന്ന കര്‍ഷകരുടെ ആവശ്യവും പ്രതിപക്ഷം ഉന്നയിക്കും.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നവംബര്‍ 28ന് രാവിലെ 11 മണിക്കാണ് യോഗം ചേരുന്നത്. അതേദിവസം വൈകിട്ട് ബി.ജെ.പി പാര്‍ലമെന്ററി എക്‌സിക്യൂട്ടീവ് യോഗം ചേരും. ഉച്ചകഴിഞ്ഞ് എന്‍.ഡി.എ നേതാക്കളുടെ യോഗം ചേരുമെന്നും സൂചനയുണ്ട്. ഈ യോഗങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ശീതകാല സമ്മേളനത്തിലാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത്. അതിനുള്ള ബില്‍ ബുധനാഴ്ച മന്ത്രിസഭ പാസാക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിളകളുടെ മിനിമം താങ്ങുവില സംബന്ധിച്ച നിയമമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമരം പിന്‍വലിക്കില്ലെന്ന് കര്‍ഷകര്‍ പറഞ്ഞിരുന്നു.

Top