ഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ ഇന്ത്യാ ഗേറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നടത്തിയ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായാണ് പ്രതിമ അനാച്ഛാദനം നടന്നത്.
28 അടി ഉയരവും 280 മെട്രിക് ടൺ ഭാരവുമാണ് പ്രതിമയ്ക്ക്. 26,000 മണിക്കൂറുകളാണ് ഇത് നിർമിക്കുന്നതിനായി ശിൽപികൾ ചെലവഴിച്ചത്. നിർമാണത്തിന് ആവശ്യമായ ഗ്രാനൈറ്റ് 1665 കിലോമീറ്റർ അകലെയുള്ള തെലങ്കാനയിൽ നിന്നാണ് ഡൽഹിയിലെത്തിച്ചത്.
അതിനിടെ രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെയുള്ള ചരിത്രപ്രധാന പാതയുടെ പേര് മാറ്റി. ബ്രിട്ടീഷ് ഭരണ കാലത്ത് കിങ്സ് വേ എന്ന് അറിയപ്പെട്ടിരുന്ന ഇവിടം സ്വാതന്ത്ര്യത്തിനു ശേഷമാണ് രാജ്പഥ് എന്ന് പുനർനാമകരണം ചെയ്തത്. രാഷ്ട്രപതി ഭവൻ മുതൽ നാഷണൽ സ്റ്റേഡിയം വരെയും സെൻട്രൽ വിസ്ത പുൽത്തകിടിയും ഉൾപ്പെടുന്ന ഈ പ്രദേശം ഇനി ‘കർത്തവ്യപഥ്’ എന്നാണ് അറിയപ്പെടുക.
എല്ലാ വർഷവും റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നത് ഇവിടെയാണ്. നാളെ മുതൽ കർത്തവ്യപഥ് പൂർണമായി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും.
പത്തിടങ്ങളിൽ ചെറുകിട വ്യാപാര ശാലകൾ, വിവിധ സംസ്ഥാനങ്ങളുടെ ഫുഡ് സ്റ്റാളുകൾ, ഐസ്ക്രീം വെൻഡിങ് സോണുകൾ, ഇന്ത്യാ ഗേറ്റ് പരിസരത്ത് 16.5 കിലോമീറ്റർ കാൽനടപ്പാത, പാർക്കിങ് ഇടങ്ങൾ, 900-ലധികം പുതിയ വിളക്കുകാലുകൾ, മലിനജല പുനരുപയോഗ പ്ലാന്റ്, പൊതു ശൗചാലയങ്ങൾ, കുടിവെള്ള സൗകര്യം, മഴവെള്ള സംഭരണി, പുതിയ ജലസേചന സംവിധാനം തുടങ്ങിയവയാണ് സെൻട്രൽ വിസ്ത പദ്ധതിയുടെ സവിശേഷതകൾ.