കൊറോണയെ ഒറ്റക്കെട്ടായി നേരിടാം; മോദിയുടെ അഭ്യര്‍ത്ഥനയെ സ്വാഗതം ചെയ്ത് സാര്‍ക്ക് രാജ്യങ്ങള്‍

ന്യൂഡല്‍ഹി: കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ സാര്‍ക്ക് രാജ്യങ്ങള്‍ രോഗത്തെ യോജിച്ചു നിന്ന് നേരിടണമെന്ന് അഭ്യര്‍ത്ഥിച്ച്‌ പ്രധാനമന്ത്രി മോദി. വീഡിയോ കോണ്‍ഫ്രന്‍സ് വഴി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാമെന്നായിരുന്നു മോദിയുടെ ശുപാര്‍ശ. സാര്‍ക്ക് രാജ്യങ്ങള്‍ ഒന്നിച്ചുവരുന്നത് ലോകത്തിന് ഒരു മാതൃകയാണെന്നും മോദി അഭിപ്രായപ്പൈട്ടു.

ആഗോള ജനസംഖ്യയുടെ ഗണ്യമായ പങ്കുള്ള ദക്ഷിണ ഏഷ്യ, ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കുന്നതിന് സാധ്യമായ എല്ലാ വഴികളും തേടണമെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു. നൊവല്‍ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ഗവണ്‍മെന്റ് വിവിധ തലങ്ങളില്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ആഗോളതലത്തില്‍ കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ വിലപ്പെട്ട ജീവന് സുരക്ഷയൊരുക്കാന്‍ സാര്‍ക്ക് രാഷ്ട്രങ്ങള്‍ യോജിച്ചുനിന്ന് രോഗത്തെ നേരിടേണ്ടതുണ്ടെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന സാര്‍ക്ക് രാജ്യ നേതാക്കള്‍ സ്വാഗതം ചെയ്തു. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബായ രാജപക്സെ, ഭൂട്ടാന്‍ പ്രധാനമന്ത്രി ലോട്ടെ ഷെറിങ്ങ്, മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സാലിഹ് എന്നിവരാണ് മോദിയുടെ ആഹ്വാനങ്ങളോട് ഉടന്‍ പ്രതികരിച്ചത്.

മാരകമായ രോഗത്തില്‍ നിന്നും രാജ്യത്തെ ജനങ്ങളെ രക്ഷിക്കാന്‍ സാര്‍ക്കുമായി സഹകരിച്ച് എന്തുംചെയ്യാന്‍ തയ്യാറാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി പ്രതികരിച്ചു.

മഹത്തായ സംരംഭം എന്നാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയെ പ്രശംസിച്ചുകൊണ്ട് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബായ രാജ്പക്സെ പറഞ്ഞത്.മോദി നടത്തുന്ന കൊറോണ വൈറസ് ബാധയക്കെതിരേയുള്ള സാര്‍ക്ക് തല ശ്രമങ്ങളോട് യോജിക്കാന്‍ സന്തോഷമേയുള്ളുവെന്നാണ് ഗോട്ടബയ രാജപക്സെ ട്വീറ്റ് ചെയ്തത്.

Top