ട്രെയിൻ അപകട സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി; പരുക്കേറ്റവരെ കണ്ടു

ബാലസോർ : രാജ്യത്തെ നടുക്കിയ ബാലസോറിലെ ട്രെയിൻ അപകട സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച വൈകിട്ട് 3.45 ഓടെയാണ് പ്രധാനമന്ത്രി വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിൽ അപകടസ്ഥലത്ത് എത്തിയത്. പിന്നീട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർക്കൊപ്പം അദ്ദേഹം ദുരന്ത സ്ഥലം സന്ദർശിച്ചു. അശ്വിനി വൈഷ്ണവും വിവിധ രക്ഷാപ്രവർത്തക സംഘങ്ങളിലെ ഉദ്യോഗസ്ഥരും അപകടത്തെക്കുറിച്ച് പ്രധാനമന്ത്രിയോടു വിശദീകരിച്ചു. രക്ഷാപ്രവർത്തനം പൂർത്തിയായ സാഹചര്യത്തിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളെക്കുറിച്ചും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു.

അപകടസ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം അദ്ദേഹം ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കുന്നതിനായി മടങ്ങി. കട്ടക്കിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ നേരി‍ൽക്കണ്ട പ്രധാനമന്ത്രി, പരുക്കിനെക്കുറിച്ചും അപകടത്തെക്കുറിച്ചും ആരാഞ്ഞു. നേരത്തെ, ഡൽഹിയിൽ ഉന്നതതല യോഗം വിളിച്ച് അപകടത്തെക്കുറിച്ച് വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ബാലസോറിൽ എത്തിയത്.

Top