മുംബൈ: ഛത്രപതി ശിവജിക്ക് മുംബൈയില്‍ 3,600 കോടി രൂപ മുടക്കി സ്മാരകം പണിയാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. മുംബൈ തീരത്തിന് സമീപമുള്ള ദ്വീപിലാണ് സ്മാരകം പണിയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തറക്കല്ലിടുന്നത്.
15 ഏക്കര്‍ സ്ഥലത്താണ് നിര്‍മ്മിക്കുന്ന സ്മാരകത്തിന്റെ ആദ്യ ഘട്ടത്തിന് മാത്രം 2,500 കോടി രൂപയാകും ചെലവ്. സ്മാരകത്തിന് 210 മീറ്റര്‍ ഉയരമുണ്ടാകും.
അതേസമയം, ഇത്രയും പണം സ്മാരകത്തിനായി ചെലവഴിക്കുന്നതിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. പദ്ധതിക്ക് ഉപയോഗിക്കുന്ന പണം മുംബൈയ്ക്കും സംസ്ഥാനത്തിനാകെയും മറ്റു പല ലക്ഷ്യങ്ങളും നിറവേറ്റാന്‍ ഉപയോഗിക്കാമെന്നാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്ന വാദം.
ബൃഹന്‍ മുംബൈ മുനിസിപ്പാലിറ്റിയുടെ വാര്‍ഷിക ആരോഗ്യ ബജറ്റിനു (3,694 കോടി) സമാനമായ തുകയാണ് സ്മാരകത്തിനു വേണ്ടിവരുന്നത്.
ബജറ്റിലെ പണം ഉപയോഗിച്ചു നാലു മെഡിക്കല്‍ കോളജുകളും അഞ്ച് സ്‌പെഷാല്‍റ്റി ആശുപത്രികളും മറ്റു 16 ആശുപത്രികളും പ്രവര്‍ത്തിക്കുന്നു. മാത്രമല്ല, 170 മുനിസിപ്പല്‍ ഡിസ്‌പെന്‍സറികള്‍, ഓരോ വാര്‍ഡിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവയുമുണ്ട്.
നഗരത്തില്‍ വെറുതെ കിടക്കുന്ന സ്ഥലം വികസിപ്പിക്കാന്‍ ആവശ്യമുള്ള ബജറ്റിന്റെ ഏഴിരട്ടിയാണ് സ്മാരകത്തിന് വേണ്ടി ചെലവഴിക്കുന്നത്. ഈ വര്‍ഷം ഇത്തരം സ്ഥലങ്ങളും പൂന്തോട്ടങ്ങളും വികസിപ്പിക്കാന്‍ 500 കോടി രൂപയാണ് മുനിസിപ്പാലിറ്റി നീക്കി വച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം വരള്‍ച്ചയെത്തുടര്‍ന്ന് കാര്‍ഷിക നഷ്ടം വന്ന പരുത്തി, സോയാ ബീന്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള 1000 കോടി രൂപ നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല.
ഇത്രയും പണം ചെലവഴിക്കുന്നതിനെതിരെ സമസ്ത മേഖലകളില്‍ നിന്നും സര്‍ക്കാരിന് വിമര്‍ശനം നേരിടേണ്ടി വരുന്നുണ്ട്. നാലു വര്‍ഷത്തെ വരള്‍ച്ചയ്ക്ക് ശേഷം സംസ്ഥാനത്തെ കാര്‍ഷികമേഖല ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കഷ്ടപ്പെടുകയാണ്.
റാബി സീസണില്‍ ഉണ്ടായ നഷ്ടത്തെത്തുടര്‍ന്ന് വിള ഇന്‍ഷുറന്‍സായി 800 കോടി രൂപയും സര്‍ക്കാര്‍ കര്‍ഷകര്‍ക്കു നല്‍കേണ്ടതുണ്ട്. മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിന് 2,400 കോടി രൂപയാണ് വേണ്ടത്.
നിലവില്‍ സംസ്ഥാനത്തിന്റെ കടം 3.33 ലക്ഷം കോടിയാണെന്നും വിമര്‍ശനമുയര്‍ത്തുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.