പ്രധാനമന്ത്രി ഇന്ന് കശ്മീരിലെത്തും, 20000 കോടിയുടെ പദ്ധതികൾ സമർപ്പിക്കും

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജമ്മു കശ്മീരിലെത്തും. ബനിഹാൽ – ഖാസികുണ്ഡ് തുരങ്കം ഉൾപ്പടെ നിരവധി അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നടത്തും. മൊത്തം ഇരുപതിനായിരം കോടിയുടെ പദ്ധതികളാണ് നരേന്ദ്രമോദി നാടിന് സമ‍ർപ്പിക്കുകയെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. ദേശീയ പഞ്ചായത്ത് രാജ് ദിനാചരണത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി, രാജ്യത്തുടനീളമുള്ള ഗ്രാമസഭകളെ അഭിസംബോധന ചെയ്യും.

3100 കോടിയിലധികം രൂപ ചെലവിൽ നിർമിച്ച ബനിഹാൽ – ഖാസിഗുണ്ട് റോഡ് ടണലാണ് പ്രധാനമന്ത്രി നാടിന് സമർപ്പിക്കുന്നത്. 8.45 കിലോമീറ്റർ നീളമുള്ള തുരങ്കം ബനിഹാലിനും ഖാസിഗണ്ടിനും ഇടയിലുള്ള റോഡ് ദൂരം 16 കിലോമീറ്റർ കുറയ്ക്കുകയും യാത്രാ സമയം ഒന്നര മണിക്കൂർ കുറയ്ക്കുകയും ചെയ്യുന്നതാണ്. 7500 കോടിയിലധികം രൂപ ചെലവിട്ട് നിർമ്മിക്കുന്ന ദില്ലി-അമൃത്സർ-കത്ര എക്‌സ്പ്രസ് വേയുടെ മൂന്ന് റോഡ് പാക്കേജുകളുടെ തറക്കല്ലിടലും നരേന്ദ്രമോദി നിർവഹിക്കും. 5300 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന റാറ്റിൽ ജല വൈദ്യുത പദ്ധതി, 4500 കോടിയിലധികം രൂപ ചെലവിട്ട് നി‍ർമ്മിക്കുന്ന ക്വാർ ജല വൈദ്യുത പദ്ധതി എന്നിവയുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. കിഷ്ത്വാറിലെ ചെനാബ് നദിയിലാണ് ഇവയുടെ നിർമ്മാണം. ജമ്മു കാശ്മീരിലെ ജൻ ഔഷധി കേന്ദ്രങ്ങളുടെ ശൃംഖല കൂടുതൽ വിപുലീകരിക്കുന്നതിനും ഗുണമേന്മയുള്ള ജനറിക് മരുന്നുകൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനുമായി 100 കേന്ദ്രങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

Top