കുടിയേറ്റ തൊഴിലാളികൾക്കിടയിൽ മോദിയുടെ റേറ്റിംഗ് കുറയുന്നുവോ ? റിപ്പോര്‍ട്ട് ഇങ്ങനെ

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിനും ലോക്ഡൗണിനും പിന്നാലെ കുടിയേറ്റ തൊഴിലാളികൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സ്വാധീനം കുറയുന്നതായി റിപ്പോർട്ട്.

ആറുവർഷത്തെ തുടർഭരണത്തിന് ബിജെപിയെ സഹായിച്ചത് കുടിയേറ്റ തൊഴിലാളികളായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു മാസങ്ങളായി ഇവർക്കിടയിലെ മോദിയുടെ സ്വാധീനത്തിൽ കുറവുണ്ടാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കോവിഡ് വ്യാപനം തടയാൻ പ്രധാനമന്ത്രി മോദി രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ദുരതത്തിലായത് കുടിയേറ്റ തൊഴിലാളികളായിരുന്നു. അതിഥി തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുകയും വരുമാനം നിലയ്ക്കുകയും ചെയ്തു. ഇതോടെ കേന്ദ്രസർക്കാരിനോടുള്ള അടുപ്പത്തിൽ പലർക്കും കുറവുണ്ടായെന്നാണു വിലയിരുത്തൽ. പ്രമുഖ ബിസിനസ് മാധ്യമമായ ബ്ലൂംബർഗിന്റേതാണ് റിപ്പോർട്ട്.

എന്തുകൊണ്ടാണ് അദ്ദേഹം ഞങ്ങളെ ഉപേക്ഷിച്ചത്?’ നോയിഡയിൽ ജോലി നഷ്ടപ്പെട്ട ടെക്‌സ്‌റ്റൈൽ ഫാക്ടറി തൊഴിലാളിയായ ജാമുൻ ജായുടെ പ്രധാനമന്ത്രി മോദിയോടുള്ള ചോദ്യമാണിത്.

”മോദി സർക്കാർ ഇത്തവണ ഞങ്ങൾക്ക് ാര്യമായിട്ടൊന്നും ചെയ്തിട്ടില്ല. ‘തീർച്ചയായും, എന്നെപ്പോലെ കഷ്ടത അനുഭവിച്ച ആളുകൾ അടുത്ത തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിനു മുൻപ് ഒരുവട്ടം കൂടി ഞങ്ങൾ അനുഭവിച്ച കാര്യങ്ങൾ ഓർക്കുമെന്നും ജാ പറയുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്കാണു താൻ വോട്ടു ചെയ്തതെന്നും ജാ കൂട്ടിച്ചേർത്തു.

നിലവിൽ 2024 വരെ വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ നേരിടേണ്ട ആവശ്യം ബിജെപിക്കില്ല. എന്നാൽ അടുത്ത ഒരു വർഷത്തിനുള്ളിൽ വിവിധ സംസ്ഥാനങ്ങളിൽ പ്രാദേശിക തിരഞ്ഞെടുപ്പ് അടക്കമുള്ളവ നടക്കാനിരിക്കെ വോട്ടർമാർക്കിടയിലെ മനോഭാവത്തിലുണ്ടാകുന്ന വ്യാപകമായ മാറ്റം വൻ വെല്ലുവിളിയാണ് മോദി സർക്കാരിന് ഉണ്ടാക്കുക. ഇത് പാർലമെന്റിന്റെ ഉപരിസഭയിലെ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ശക്തി ഇല്ലാതാക്കാനും കാരണമാകും.

നവംബറിൽ ബിഹാറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് കോവിഡിനു പിന്നാലെ ബിജെപി നേരിടേണ്ട പ്രധാന പരീക്ഷ.
രാജ്യത്തെ ഏറ്റവുമധികം അതിഥി തൊഴിലാളികൾ ഉള്ളതും ഇവിടെ നിന്നാണ്. ജെഡിയു-ബിജെപി സർക്കാരാണ് ഇപ്പോൾ ബിഹാറിൽ ഭരണത്തിലുള്ളത്. ഇന്ത്യയിലെ ഏറ്റവും ദരിദ്രവും ജനസംഖ്യയുള്ളതുമായ സംസ്ഥാനങ്ങളിൽ ഒന്നെന്ന നിലയിൽ, ഇവിടത്തെ ജനങ്ങളുടെ നിലപാട് ബിജെപിയെ സംബന്ധിച്ച് ഏറെ നിർണായകമാണ്.

Top