ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ മത്സരിക്കാനെത്തുന്ന രാഹുൽ ഗാന്ധിക്കെതിരെ വർഗീയ പരാമർശം നടത്തിയ പ്രധാനമന്ത്രിയെ വിമർശിച്ച് കോൺഗ്രസ്. വയനാടിന്റെ സാസ്‌കാരിക പൈതൃകത്തേയും ജനസംഖ്യവിവരത്തേയും കുറിച്ച് ഒരു ധാരണയുമില്ലാതെയാണ് പ്രധാനമന്ത്രി വർഗീയവും ഭിന്നിപ്പുളവാക്കുന്നതുമായ പ്രസ്താവന നടത്തിയതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുൽ ഗാന്ധി വയനാട് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വർഗീയ പരാമർശം നടത്തിയത്.
വയനാട് ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതിയ കേരള സിംഹം എന്നറിയപ്പെടുന്ന കേരള വർമ പഴശ്ശിരാജയുടെ മണ്ണാണ്. വ്യത്യസ്ത മതങ്ങളും സമുദായങ്ങളും ഒരേ സംസ്‌കാരത്തോടെയാണ് അവിടെ ജീവിക്കുന്നത്. വയനാട്ടിലെ ജനങ്ങളെ മാത്രമല്ല മോദി അപമാനിച്ചിരിക്കുന്നത് സ്വാതന്ത്യ സമരസേനാനികളെ കൂടി അവഹേളിച്ചിരിക്കുകയാണ്. ദക്ഷിണേന്ത്യയെ ആകമാനം മോദി തന്റെ പ്രസ്താവനയിലൂടെ അപമാനിച്ചുവെന്നും വേണുഗോപാൽ പറഞ്ഞു.
ദളിതുകളും പിന്നാക്ക വിഭാഗങ്ങളുമടക്കം വയനാട്ടിലെ 50 ശതമാനത്തോളം ജനങ്ങളും ഹിന്ദുമത വിശ്വാസികളാണ്. 28 ശതമാനംമുസ്ലിങ്ങളും 21 ശതമാനത്തോളം ക്രിസ്ത്യാനികളുമാണ് അവിടെയുള്ളതെന്നും മോദി മനസ്സിലാക്കണമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.