ക്വാലാലംമ്പൂര്‍: നാലുദിവസത്തെ മലേഷ്യ, സിംഗപൂര്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ക്വാലാലമ്പൂരിലെത്തി. മലേഷ്യയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ടി.എസ്. തിരുമൂര്‍ത്തി അദ്ദേഹത്തെ സ്വീകരിച്ചു. മലേഷ്യയില്‍ മൂന്നു ദിവസം നടക്കുന്ന ആസിയാന്‍ ഉച്ചകോടിയിലും ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. പിന്നീട് ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി സിംഗപൂരിലേക്കു പോകും. സിംഗപൂരുമായുള്ള തന്ത്രപരമായ സഹകരണത്തിനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുന്നതിനാണ് സന്ദര്‍ശനം.
ഇന്നു ആരംഭിക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ ഐഎസിനെതിരേ ആഗോലതലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ചാ വിഷയങ്ങളാകുമെന്നു യുഎസ് പ്രസിഡന്റ് ബറാക് ഒബാമ വ്യക്തമാക്കിയിരുന്നു. ഉച്ചകോടിക്ക് നേരേ ഭീകരാക്രമണമുണ്ടാവാമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വന്‍സുരക്ഷയാണ് മലേഷ്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഭീകരവാദം, മനുഷ്യക്കടത്ത്, സമുദ്രസുരക്ഷ, വാണിജ്യം, തെക്കന്‍ ചൈനാക്കടല്‍ തര്‍ക്കം എന്നീ വിഷയങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയാകും. പത്ത് ആസിയാന്‍ രാജ്യങ്ങളുമായും ഇവരുമായി സ്വതന്ത്ര വ്യാപാര കരാറുള്ള ആറ് രാജ്യങ്ങളുമായും മേഖലാതല സാമ്പത്തിക സഹകരണത്തിനാകും ഇന്ത്യയുടെ ശ്രമം.
മലേഷ്യന്‍ സന്ദര്‍ശനത്തിനിടെ നജീബ് റസാക്ക് ഉള്‍പ്പടെയുള്ള മലേഷ്യന്‍ നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്. മലേഷ്യയില്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമ മോദി അനാവരണം ചെയ്യും.
ഇന്ത്യന്‍ വംശജരുടെ പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. ഇതില്‍ പതിനായിരത്തോളം ഇന്ത്യന്‍ വംശജര്‍ സംബന്ധിക്കുമെന്നാണ് സൂചന. ഇതിന് ശേഷം ഞായറാഴ്ച സിംഗപ്പൂരില്‍ നടക്കുന്ന പത്താമത് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ സമ്മേളനത്തിലും നരേന്ദ്ര മോദി പങ്കെടുക്കും. ഭീകരവാദവും, അനധികൃത കുടിയേറ്റവുമായിരിക്കും ഇതില്‍ പ്രധാന ചര്‍ച്ചാ വിഷയം.