ന്യൂഡല്‍ഹി: ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയായി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന്റെ പേര് നിര്‍ദ്ദേശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആലോചിക്കുന്നതായി സൂചന. ബച്ചന്‍ കുടുംബത്തോട് അടുപ്പമുള്ള രാഷ്ട്രീയ ലോക്ദള്‍ നേതാവും സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവുമായ അമര്‍ സിംഗ് ഒരു ദേശീയ ചാനലിനോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ബച്ചനെ പരിചയപ്പെടുത്തിയത് താനാണെന്നും അമര്‍ സിംഗ് അവകാശപ്പെട്ടു. ‘പാ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതിനിടെ ആയിരുന്നു ഇത്. ഗുജറാത്ത് ടൂറിസത്തിന്റെ ബ്രാന്റ് അംബാസിഡറാകാന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം ബച്ചനോട് മോദി അഭ്യര്‍ത്ഥിച്ചുവെന്നും അമര്‍ സിംഗ് പറയുന്നു. 2017ലാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്.