ഗുവാഹതി: ഒന്നിനു പിറകെ ഒന്നായി മണ്ടത്തരങ്ങള്‍ വിളിച്ച് പറഞ്ഞ് ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിക്കു വിളിപ്പിച്ചു. സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തിന് ഇടപെടാന്‍ കഴിയാത്തവിധം കാര്യങ്ങള്‍ കൈവിട്ടതോടെയാണ് അടിയന്തരമായി ബിപ്ലബിനോട് ഡല്‍ഹിയിലെത്താന്‍ നിര്‍ദേശം നല്‍കിയത്. മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടപ്രകാരമാണ് നിര്‍ദേശമെന്നാണ് സൂചന.
മഹാഭാരത കാലത്തുതന്നെ ഇന്റര്‍നെറ്റും ഉപഗ്രഹ ബന്ധങ്ങളുമുണ്ടായിരുന്നുവെന്ന് പറഞ്ഞ് രണ്ടാഴ്ച മുമ്പാണ് ബിപ്ലബ് ആദ്യ മണ്ടത്തരം. മുന്‍ ലോകസുന്ദരി ഡയാന ഹെയ്ഡനെ വ്യക്തിപരമായി ആക്രമിച്ച് വീണ്ടും കൈ പൊള്ളിയ ത്രിപുര മുഖ്യന്‍ അടുത്ത ദിവസം മെക്കാനിക്കല്‍ എന്‍ജിനീയര്‍മാര്‍ ഇനി സിവില്‍ സര്‍വിസിന് പോകേണ്ടതില്ലെന്ന ഉപദേശവും നല്‍കി.
യുവാക്കള്‍ സര്‍ക്കാര്‍ ജോലിക്കു കാത്തുനില്‍ക്കാതെ പശുക്കളെ വളര്‍ത്തുകയോ മുറുക്കാന്‍ കടകള്‍ തുറക്കുകയോ വേണമെന്നും ബിപ്ലബ് പറഞ്ഞു. കൂടുതല്‍ പറയും മുമ്പ് മേയ് രണ്ടിന് പ്രധാനമന്ത്രിയെ കാണണമെന്നാണ് നിര്‍ദേശം.