ന്യൂഡൽഹി: ചുവന്ന ബീക്കൺ ലൈറ്റിന്റെ ‘ബലത്തിൽ ‘ വിലസിയിരുന്ന കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും ഉൾപ്പെടെയുള്ള സകല വിഐപികളുടെയും ‘ചിറകൊടിച്ച് ‘ കളഞ്ഞ തീരുമാനത്തെ, ഓരോ ഇന്ത്യൻ പൗരനും പ്രധാന വ്യക്തിയാണെന്ന് തെളിയിക്കുന്നതാണെന്ന മോദിയുടെ ട്വീറ്റിന് പരക്കെ കയ്യടി.
ഡൽഹിയിൽ കെജ് രിവാളിന്റെ ആം ആദ്മി സർക്കാരും ഇപ്പോൾ പഞ്ചാബിൽ അമരീന്ദർ സിങ്ങ് സർക്കാറും യുപിയിൽ യോഗി ആദിത്യനാഥ് സർക്കാറും നടപ്പാക്കിയ നിയന്ത്രണം രാജ്യ വ്യാപകമായി നടപ്പാക്കാൻ മുൻകൈ എടുത്ത പ്രധാനമന്ത്രിയുടെ തീരുമാനം അഭിനന്ദനാർഹമാണെന്നാണ് പൊതുവെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം.
നേരത്തെ ഒഴിവാക്കിയിരുന്ന രാഷ്ട്രപതി,ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കർ, ചീഫ് ജസ്റ്റിസ് എന്നിവർക്ക് കൂടി നിയന്ത്രണം ബാധകമാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർക്കശ നിലപാടുമൂലമാണെന്നാണ് സൂചന.
പ്രധാനമന്ത്രിയുടെ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധമായി വ്യത്യസ്ത അഭിപ്രായമാണ് ഉണ്ടായിരുന്നതെങ്കിലും തനിക്ക് ചുവപ്പ് വെളിച്ചത്തിന്റെ പകിട്ട് വേണ്ടന്ന ഉറച്ച നിലപാട് മോദി സ്വീകരിക്കുകയായിരുന്നു.
ഇത് കേന്ദ്ര മന്ത്രിമാരെ പോലും അമ്പരിപ്പിച്ചു കളഞ്ഞതായാണ് റിപ്പോർട്ടുകൾ.
അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ചുവന്ന ബീക്കൺ ലൈറ്റ് ഉപയോഗിക്കാൻ പാടുള്ളൂവെന്നാണ് പുതിയ ഉത്തരവിലെ നിർദ്ദേശം. മെയ് ഒന്നു മുതലാണ് നിയമം പ്രാബല്യത്തിൽ വരിക.
ഈ നടപടി ഒരു പാട് മുമ്പേ എടുക്കേണ്ടതായിരുന്നുവെന്നും മോദി ട്വിറ്ററിൽ കുറച്ചു.
തങ്ങൾക്ക് ചുവപ്പ് ബീക്കൺ ലൈറ്റ് വേണമെന്ന് ഒരുവിഭാഗം എം പിമാർ ആവശ്യമുന്നയിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി താനുൾപ്പെടെ രാജ്യത്തെ സകല വിഐപികൾക്കും ബാധകമായ തീരുമാനം മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.