പ്രധാനമന്ത്രി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

ലോക്ക്ഡൗണ് നീട്ടണമെന്ന് ആറ് സംസ്ഥാനങ്ങള്‍ ഇതിനോടകം ആവശ്യപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇന്ന് തീരുമാനം പ്രഖ്യാപിച്ചേക്കും.

ഇന്നലെ ആറ് മണിക്കൂര്‍ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. ഈ കൂടിയാലോചനയിലാണ് ആറ് സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടത്.

എന്നാല്‍ ആന്ധ്ര പോലെ ചില സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുവായ സാഹചര്യം വിലയിരുത്തി ലോക്ക്ഡൗണ്‍ നീട്ടണമോ അതോ റെഡ്‌സോണില്‍ മാത്രമായി ലോക്ക്ഡൗണ്‍ തുടരുമോ എന്നതിലും ഇന്ന് തീരുമാനം പ്രഖ്യാപിച്ചേക്കും.

അതുപോലെ തന്നെ ട്രെയിന്‍, വിമാന സര്‍വ്വീസുകള്‍ പൂര്‍ണമായി പുനരാരംഭിക്കുന്നത് വൈകുമോ എന്നതിലും തീരുമാനമുണ്ടായേക്കും. അതേസമയം, നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി സൂചന നല്‍കിയിരുന്നു. അതിനാല്‍ തന്നെ മൂന്നാം ഘട്ടത്തിലെ നിയന്ത്രണങ്ങള്‍ നാലാം ഘട്ടത്തില്‍ തുടരില്ലെന്നാണ് പ്രതീക്ഷ.

Top