കോണ്‍ഗ്രസ് എംപിയെ അധിക്ഷേപിച്ച് മോദിയുടെ പരാമര്‍ശം; സഭാ രേഖകളില്‍ നിന്നു നീക്കം ചെയ്തു

modi

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം സഭാ രേഖകളില്‍ നിന്നു നീക്കം ചെയ്തു.

വ്യാഴാഴ്ച ഹരിവംശ് നാരായണ്‍ സിംഗിനെ ഉപാധ്യക്ഷനായി തെരഞ്ഞെടുത്ത ശേഷം നടത്തിയ അഭിനന്ദന പ്രസംഗത്തിലാണ് മോദി ഉപാധ്യക്ഷ സ്ഥാനത്തേക്കു മത്സരിച്ച ബി.കെ ഹരിപ്രസാദിനെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയത്.

പ്രധാനമന്ത്രിയുടെ പരാമര്‍ശത്തില്‍ കരുതിക്കൂട്ടിയുള്ള അധിക്ഷേപം ഉണ്ടെന്ന് ആര്‍ജെഡി എംപി മനോജ് കുമാര്‍ ഝാ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് പരാമര്‍ശം സഭാ രേഖകളില്‍ നിന്നു നീക്കം ചെയ്യുന്നതായി അധ്യക്ഷന്‍ അറിയിച്ചത്.

സഭാ ചരിത്രത്തില്‍ അപൂര്‍വമായാണ് ഒരു പ്രധാനമന്ത്രിയുടെ വാക്കുകള്‍ സഭാ രേഖകളില്‍ നിന്നു നീക്കം ചെയ്യേണ്ടി വരുന്നത്.

ബി.കെ ഹരിപ്രസാദിന്റെ ചുരുക്കപ്പേര്‍ ഉദ്ധരിച്ചു പ്രധാനമന്ത്രി നടത്തിയ തമാശ കലര്‍ന്ന പരാമര്‍ശമാണ് സഭാ രേഖകളില്‍ നിന്നു നീക്കിയത്.

പ്രധാനമന്ത്രി സഭാ അധ്യക്ഷന്റെ പദവിയുടെയും രാജ്യസഭയുടെയും അന്തസ് കളങ്കപ്പെടുത്തി എന്നാണ് സംഭവത്തെക്കുറിച്ചു ബി.കെ ഹരിപ്രസാദ് പ്രതികരിച്ചത്.

അന്നു തന്നെ പ്രതിപക്ഷം ഇക്കാര്യം ഉന്നയിച്ചെങ്കിലും പരിശോധിച്ചു വേണ്ടത് ചെയ്യാമെന്നായിരുന്നു രാജ്യസഭാ അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു പറഞ്ഞത്.

Top