രാജ്യത്തെ കോവിഡ് സാഹചര്യം; പ്രധാനമന്ത്രിയുടെ അവലോകനയോഗം അടുത്ത ആഴ്ച

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത ആഴ്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും. അടുത്തഘട്ട സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ പരിഗണിക്കുന്ന സാഹചര്യത്തിലാണ് യോഗം വിളിക്കുന്നത്. യോഗത്തില്‍ സംസ്ഥാനങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കും.

പ്രതീക്ഷിച്ചതിനെക്കാള്‍ വലിയ തോതിലേക്ക് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാവുന്നത് ആശങ്കയോടെയാണ് കേന്ദ്രം നോക്കികാണുന്നത്. രോഗബാധിതരാകുന്നവരില്‍ നിരവധി പേര്‍ക്ക് കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ തുടര്‍ന്നും നേരിടേണ്ടി വരുന്നത് അടക്കമുളള കാര്യങ്ങളില്‍ കൂടിയാലോചനകള്‍ ഉണ്ടാകും. ഇതിനൊപ്പം അടുത്ത ഘട്ട അണ്‍ലോക്ക് ഘട്ടത്തെക്കുറിച്ചുള്ള തീരുമാനങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 93,337 പേര്‍ക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. 1,247 പേര്‍ പുതുതായി മരിച്ചതോടെ മരണസംഖ്യ 85,000 കടന്നു. അതേസമയം, രോഗമുക്തി നിരക്ക് 79 ശതമാനം കടന്നത് ആശ്വാസമായി.

Top