ന്യൂഡല്‍ഹി : ശബരിമലയിലെ പുണ്യം പൂങ്കാവനത്തെ പ്രകീര്‍ത്തിച്ച് മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ശബരിമലയുടെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തില്‍ വ്യത്യസ്തവഴികള്‍ തേടിയ ‘പുണ്യം പൂങ്കാവനം’ എന്ന പദ്ധതിക്ക് രൂപം നല്‍കിയ ശബരിമല സ്‌പെഷ്യല്‍ ഓഫീസറായിരുന്ന പി വിജയന്‍ ഐപിഎസിനേയും അദ്ദേഹം മന്‍ കീ ബാത്തില്‍ അനുമോദിച്ചു.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഐപിഎസുകാരന്റെ പേരെടുത്ത് പറഞ്ഞ് പ്രധാനമന്ത്രി അനുമോദിക്കുന്നത്. ഇത് പ്രത്യക്ഷത്തില്‍ കേരള പൊലീസിനുള്ള അംഗീകാരംകൂടിയാണ്. രാജ്യത്താകെ വ്യാപിച്ച സ്റ്റുഡന്റ്‌സ് പൊലീസ് പദ്ധതിയുടെ സൃഷ്ടാവും പി വിജയന്‍ ഐപിഎസാണ്.
രാഷ്ട്രപതിയുടേയും മുഖ്യമന്തിയുടേയും പൊലീസ് മെഡലുകള്‍ വാങ്ങിയിട്ടുണ്ട് ഈ കോഴിക്കോട്ടുകാരന്‍. സി.എന്‍.എന്‍-ഐ.ബി.എന്നിന്റെ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും പി വിജയന്‍ കരസ്ഥമാക്കിയിട്ടുണ്ട്.
ശബരിമലയുടെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ വ്യത്യസ്ത വഴികള്‍ തേടിയ ‘പുണ്യം പൂങ്കാവനം’ എന്ന പദ്ധതി ഇന്ത്യയിലെ തന്നെ ആദ്യത്തെ ശൂചികരണ പദ്ധതിയാണ്. മാലിന്യപ്രശ്‌നവും, പ്ലാസ്റ്റിക്കിന്റെ വ്യാപനവും പരിധി ലംഘിച്ചിരുന്ന ശബരിമലയില്‍ വ്യത്യസ്ത വഴിയിലൂടെയാണ് പദ്ധതി നടപ്പിലാക്കിയത്.
പൊലീസുകാരുടെ സഹായത്തോടെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് നിയോഗിച്ചിരുന്ന തൊഴിലാളികളും, ഇവിടെ ജോലിക്കായി എത്തുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരും, അയ്യപ്പസേവാസംഘവും ചേര്‍ന്നാണ് ശബരിമലയെ ഇന്ന് കാണുന്ന പൂങ്കാവനമാക്കി മാറ്റിയത്.
പുതു വര്‍ഷത്തിലേക്ക് ആശംസകള്‍ നേര്‍ന്ന മോദി ക്രിസ്തുവിന്റെയും ഗുരുഗോവിന്ദിന്റെയും സേവന പ്രതിബദ്ധതകളെ കുറിച്ചും സംസാരിച്ചാണ് ഈ വര്‍ഷത്തെ അവസാനത്തെ മന്‍കീ ബാത്തില്‍ പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയത്.
മന്‍ കീ ബാത്തിന്റെ 39ാമത് എഡിഷനിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പരമാര്‍ശിച്ചത്. ഇത്തവണ ജനങ്ങള്‍ക്ക് നേരിട്ട് റോഡിയോവിലൂടെ സംസാരിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.