ന്യൂഡല്‍ഹി: 75-ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ ജനങ്ങളോട് ദേശീയഗാനം ആലപിക്കാന്‍ അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനത്തില്‍ പരമാവധി ഇന്ത്യക്കാരെ കൊണ്ട് ഒരുമിച്ച് ദേശീയഗാനം ചൊല്ലിക്കുന്ന പരിപാടി സാംസ്‌കാരിക മന്ത്രാലയം ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ ഉദ്യമത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രതിമാസ റേഡിയോ പ്രഭാഷണ പരമ്പര-മന്‍ കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇക്കൊല്ലം ഓഗസ്റ്റ് 15-ന് ദേശീയഗാനവുമായി കൂടിച്ചേരാനുള്ള ഉദ്യമമാണ്. പരമാവധി ഇന്ത്യക്കാരെ ഒരുമിപ്പിച്ച് ദേശീയഗാനം ചൊല്ലിക്കാനുള്ള ശ്രമം സാംസ്‌കാരിക മന്ത്രാലയം നടത്തുന്നുണ്ട്. ഈ പുതിയ പരിപാടിയില്‍ നിങ്ങള്‍ എല്ലാവരും പങ്കാളികളാകുമെന്ന് കരുതുന്നു- പ്രധാനമന്ത്രി പറഞ്ഞു.