കോഴിക്കോട്: എന്‍സിപി ക്ഷണിച്ചാല്‍ പാര്‍ട്ടിയില്‍ ചേരുമെന്നും ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും കോണ്‍ഗ്രസ് വിട്ട കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറിയും കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറുമായ പി.എം. സുരേഷ്ബാബു. ഇടതുപക്ഷ രാഷ്ടീയത്തിന് ഒപ്പമേ ചേരുന്നുള്ളൂയെന്നും അതില്‍ മറ്റ് തടസങ്ങളൊന്നുമില്ലെന്നും
അദ്ദേഹം പറഞ്ഞു.
നിലവില്‍ എന്‍.സി.പിയില്‍ ചേരുമെന്ന സൂചന ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്‍.സി.പി നേതൃത്വവും അങ്ങനെ ഒരു സൂചന നല്‍കിയിട്ടില്ലെന്നാണ് മനസിലാക്കിയിരിക്കുന്നത്. അത്തരം ഒരു തീരുമാനത്തിലേക്ക് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പി.സി. ചാക്കോയുമായി ആശയവിനിമയം നടത്താറുണ്ട്. എന്നാല്‍ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല. പി.സി ചാക്കോ ക്ഷണിച്ചാല്‍ കൂട്ടായി ആലോചിച്ച് അദ്ദേഹത്തോടൊപ്പം പോകുന്നതില്‍ മടിയില്ലെന്നും സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ രണ്ട് വര്‍ഷമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന അവഗണനകള്‍ തന്നെയാണ് പാര്‍ട്ടി വിടാനുള്ള വ്യക്തിപരമായ കാരണം. അതിനേക്കാള്‍ ഉപരി കോണ്‍ഗ്രസിന് ഒരു ദിശാബോധം നഷ്ടപ്പെട്ട ഒരു സാഹചര്യം ഇന്നുണ്ട്. എന്റെ നിലവാരത്തിലുള്ള ഒരാളെക്കൊണ്ടൊന്നും പാളം തെറ്റിയ കോണ്‍ഗ്രസിനെ പാളത്തിലാക്കാന്‍ സാധിക്കില്ല. അതുകൊണ്ട് ഇനി അതില്‍ തുടരുന്നതില്‍ പ്രസക്തിയില്ലെന്ന് കണ്ട് ഒഴിഞ്ഞുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.