ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് (വ്യാഴാഴ്ച) കശ്മീരില്‍. ശ്രീനഗറില്‍ 6,400 കോടിയുടെ വികസന പദ്ധതികളുടെ പ്രഖ്യാപനം നടത്തുന്ന അദ്ദേഹം പൊതുസമ്മേളനത്തിലും പങ്കെടുക്കും. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന അനുച്ഛേദം 370 റദ്ദാക്കിയശേഷം മോദി ആദ്യമായി എത്തുന്നു എന്ന പ്രത്യേകതയും മോദിയുടെ ഇന്നത്തെ സന്ദര്‍ശനത്തിനുണ്ട്.
ശ്രീനഗര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ‘വികസിത് ഭാരത് വികസിത് ജമ്മു കശ്മീര്‍’ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. കശ്മീരില്‍ പുതുതായി സര്‍ക്കാര്‍ ജോലി ലഭിച്ച ആയിരം പേര്‍ക്കുള്ള നിയമന ഉത്തരവും കൈമാറും. വിവിധ കേന്ദ്ര പദ്ധതികളില്‍ ആനുകൂല്യം ലഭിച്ചവരുമായും കര്‍ഷകരുമായും സംവദിക്കുന്നുണ്ട്. രാജ്യത്തുടനീളം വിനോദസഞ്ചാര കേന്ദ്രങ്ങളും ആരാധനാലയങ്ങളും വികസിപ്പിക്കുന്നതിനുള്ള 43 പദ്ധതികളും അദ്ദേഹം പ്രഖ്യാപിക്കും.
അതേസമയം, പ്രധാനമന്ത്രിയുടെ സന്ദര്‍ശത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷയാണ് കശ്മീരില്‍ ഒരുക്കിയിരിക്കുന്നത്. മോദിയുടെ റാലി നടക്കുന്ന ഭക്ഷി സ്റ്റേഡിയം സുരക്ഷാ വലയത്തിലാണ്. ഡ്രോണുകളും സിസിടിവി ക്യാമറകളും ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പരിപാടികള്‍ നടക്കുന്ന വേദികള്‍ക്ക് രണ്ടുകിലോമീറ്റര്‍ ചുറ്റളവില്‍ സുരക്ഷാസേന പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ഝലം, ദാല്‍ നദികളില്‍ നിരീക്ഷണത്തിനായി കമാന്‍ഡോകളെയടക്കം വിന്യസിച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സ്‌കൂളുകള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച നടത്താനിരുന്ന ബോര്‍ഡ് പരീക്ഷകള്‍ അടുത്ത മാസത്തേയ്ക്ക് മാറ്റിവെച്ചു.