തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരിതബാധിതരെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച സംസ്ഥാനത്തെത്തും.
ഓഖി നാശം വിതച്ച തിരുവനന്തപുരത്തെ തീരപ്രദേശമായ പൂന്തുറയില്‍ വൈകീട്ട് അദ്ദേഹം സന്ദര്‍ശനം നടത്തും.
നേരത്തേ പ്രതിഷേധവും സുരക്ഷകാരണങ്ങളും കണക്കിലെടുത്ത് തലസ്ഥാനത്തെ ദുരന്തബാധിത മേഖലകള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കില്ലെന്ന് തീരുമാനിച്ചിരുന്നു.
എന്നാല്‍, ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് 10 മിനിറ്റ് പൂന്തുറയില്‍ ചെലവഴിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍ എന്നിവരുമായി ഗസ്റ്റ് ഹൗസില്‍ നരേന്ദ്രമോദി കൂടിക്കാഴ്ചയും നടത്തും.
ഈ കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അവതരിപ്പിക്കും.
മംഗലാപുരത്തുനിന്ന് ലക്ഷദ്വീപിലെത്തി അവിടം സന്ദര്‍ശിക്കുന്ന മോദി ഉച്ചക്ക് 1.50ന് തിരുവനന്തപുരത്തെത്തി ഹെലികോപ്ടറില്‍ കന്യാകുമാരിയിലേക്ക് തിരിക്കും.
രണ്ടരയോടെ കന്യാകുമാരിയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം നാലരയോടെ അദ്ദേഹം തിരുവനന്തപുരത്ത് എത്തും.
തുടര്‍ന്ന് റോഡുമാര്‍ഗം 4.40ഓടെ പൂന്തുറ സന്ദര്‍ശനത്തിനായി എത്തും.
അവിടെനിന്നാണ് തൈക്കാട് ഗസ്റ്റ് ഹൗസിലെത്തുന്നത്. തുടര്‍ന്ന് ആറരയോടെ ഡല്‍ഹിക്ക് മടങ്ങുമെന്നാണ് വിവരം.
എന്നാല്‍, സന്ദര്‍ശനപരിപാടി സംബന്ധിച്ച അന്തിമ പട്ടിക രാത്രി വൈകിയും പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്ന് ലഭിച്ചില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ വൈകീട്ട് നാല് മുതല്‍ എട്ട് വരെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതിനിടെ, ഓഖി കൊടുങ്കാറ്റ് സംബന്ധിച്ച് നവംബര്‍ 29ന് തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചീഫ് സെക്രട്ടറിയുടെ ഓഫിസിനെ വിവരം അറിയിച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കുന്നു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച് അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.