മലപ്പുറം: സമസ്തക്കെതിരെ രൂക്ഷമായ മറുപടിയുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. സമസ്താ അധ്യക്ഷൻ ജിഫ്രി തങ്ങളെ മറയാക്കി ചില സഖാക്കൾ ലീഗിനെതിരെ പ്രവർത്തിക്കുന്നുവെന്നും ഇവരെ അതേ രീതിയിൽ നേരിടാൻ മുസ്‌ലിം ലീഗിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. തട്ടം വിവാദത്തിൽ കുരുങ്ങി കിടക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളെ രക്ഷിക്കാൻ ചിലർ ശ്രമിക്കുകയാണ്. അതിനു ചിലർക്ക് നക്കാപിച്ച കിട്ടികാണും. ജിഫ്രി തങ്ങൾ മുസ്ലിം ലീഗിനെതിരെ നിലപാട് എടുക്കുന്ന ആളല്ല. സമസ്ത അടക്കമുള്ള ഒരു സംഘടനകൾക്കും ലീഗ് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, സമസ്ത നേതൃത്വത്തിനെതിരെ പിഎംഎ സലാം നടത്തിയ പരോക്ഷ വിമര്‍ശനത്തില്‍ അതൃപ്ചതി പരസ്യമാക്കി സമസ്ത രംഗത്ത് എത്തിയിരുന്നു. പ്രസ്താവനകള്‍ നടത്തുന്നത് ശ്രദ്ധയോടെ വേണമെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ സമസ്തയുമായുള്ള തര്‍ക്കം പരിഹരിക്കാനുളള തിരക്കിട്ട നീക്കത്തിലാണ് ലീഗ് നേതൃത്വം. ഭരിക്കുന്ന സര്‍ക്കാരുമായി സഹകരിച്ചുപോവുകയെന്നതാണ് സമസ്തയുടെ നയമെന്ന് അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും ലീഗുമായി തര്‍ക്കമില്ലെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. പിഎംഎ സലാമിന്റെ പ്രസ്താവനക്ക് ജിഫ്രി തങ്ങള്‍ മറുപടി നല്‍കിയതോടെ വിവാദം അവസാനിച്ചു.
ഇപ്പോഴത്തെ പ്രശ്‌നം നേതാക്കള്‍ ചര്‍ച്ച ചെയ്യും. ലീഗ് നേതൃത്വത്തിന് സമസ്തയുടെ പോഷക സംഘടനകള്‍ കത്തയച്ചതില്‍ തെറ്റ് കാണുന്നില്ല. കത്തിനെക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. താന്‍ കത്ത് നല്‍കിയിട്ടില്ലെന്നും ഒപ്പിടാന്‍ ആരും ആവശ്യപ്പെട്ടിട്ടുമില്ലെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ലീഗും സമസ്തയും തമ്മിലുള്ള ബന്ധം വഷളാക്കാനാകില്ല. ഏല്ലാ വിഷയങ്ങളും രമ്യമായി പരിഹരിക്കും. രണ്ടും രണ്ട് വഴിക്കാക്കാന്‍ ആഗ്രഹിക്കുന്നവരുടെ ലക്ഷ്യം ലീഗ്-സമസ്ത ബന്ധം തകര്‍ക്കലും തെരഞ്ഞെടുപ്പുമാണ്. ഏതു പ്രസ്താവന ആരു നടത്തിയാലും ശ്രദ്ധപുലര്‍ത്തണമെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
അതേസമയം,തട്ടം വിവാദത്തിന് തുടക്കമിട്ടത് സിപിഎം ആണെങ്കിലും ഈ വിഷയത്തെച്ചൊല്ലിയുളള തര്‍ക്കം ഇപ്പോള്‍ എത്തി നില്‍ക്കുന്നത് മുസ്ലിം ലീഗ് -സമസ്ത ബന്ധത്തിലാണ്. കാലങ്ങളായി ലീഗിന്റെ അടിത്തറയായി നിന്ന സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ അടുത്തിടെയായി സര്‍ക്കാരുമായി അടുക്കുന്നു എന്ന വിമര്‍ശനം മനസില്‍ വച്ചായിരുന്നു തട്ടം വിവാദത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാമിന്റെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ഒരു ഫോണ്‍കോള്‍ വന്നാല്‍ എല്ലാമായി എന്നു കരുതുന്ന നേതാക്കള്‍ സമുദായത്തില്‍ ഉണ്ടെന്നായിരുന്നു സലാമിന്റെ വാക്കുകള്‍.
തട്ടം വിവാദത്തില്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി തങ്ങള്‍ പ്രതികരണം നടത്താതിരുന്ന പശ്ചാത്തലത്തിലായിരുന്നു സലാമിന്റെ ഈ പരോക്ഷ വിമര്‍ശനം. ഇതോടെയാണ് സമസ്തയ്ക്ക് കീഴിലുളള പോഷക സംഘടനകള്‍ പിഎംഎ സലാമിനെതിരെ പി കെ കുഞ്ഞാലിക്കുട്ടിക്കും സാദിഖലി തങ്ങള്‍ക്കും പ്രതിഷേധമറിയിച്ച് കത്ത് നല്‍കിയത്. ഇതോടെ ലീഗ് നേതൃത്വം പ്രശ്‌ന പരിഹാരത്തിന് തിരക്കിട്ട നീക്കം തുടങ്ങിയെങ്കിലും അതൃപ്തി നീങ്ങിയിട്ടില്ല എന്നതിന് തെളിവായി സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂരിന്റെ ഇന്നത്തെ പരാമര്‍ശം.
സമസ്തയ്ക്ക് കീഴടങ്ങരുതെന്ന് അഭിപ്രായമുളള ഒരു വീഭാഗം നേതാക്കള്‍ ലീഗില്‍ ഉണ്ടെങ്കിലും ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തിരിത്തെ സമസ്തയുമായി ഇടഞ്ഞുയുന്നത് സിപിഎം മുതലെടുക്കുമെന്ന ആശങ്ക പാര്‍ട്ടി നേതൃത്വത്തിനുണ്ട്. പ്രശ്‌ന പരിഹാരത്തിനായി ജിഫ്രി തങ്ങളുളടക്കമുളള സമസ്ത നേതാക്കളുമായി ലീഗ് നേതൃത്വം ആശയ വിനിമയം നടത്തും. നിലവില്‍ വിദേശത്തുളള പിഎംഎ സലാം മടങ്ങിയെത്തിയ ശേഷം തെറ്റിദ്ധാരണകള്‍ നീക്കാനുളള കൂടുതല്‍ ചര്‍ച്ചകളും നടന്നേക്കും. വിഷയത്തില്‍ പിഎംഎ സലാമിന് മറുപടിയുമായി കഴിഞ്ഞ ദിവസം സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളും രംഗത്തെത്തിയിരുന്നു.സര്‍ക്കാരുകളോട് ബന്ധപ്പെടുന്നത് സമസ്തയുടെ ഭരണഘടനയിലുള്ളതാണെന്നും അതിനെ വിമര്‍ശിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം.