തിരുവനന്തപുരം: കശ്മീര്‍ ജനതയുടെ ഹിതത്തിനെതിരായ വിധിയാണ് ഇന്ന് സുപ്രീം കോടതിയില്‍ നിന്നുണ്ടായതെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. റിവ്യൂ പെറ്റീഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ ജനാധിപത്യ സംഘടനകള്‍ മുന്നോട്ട് പോകുകയാണെങ്കില്‍ ലീഗ് ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് വേണ്ടെന്നും, മുസ്ലിം സംവരണ വിഷയത്തില്‍ സമരത്തിലേക്കെന്നും പറഞ്ഞ അദ്ദേഹം പാര്‍ട്ടി ഓഫീസില്‍ വരെ വിവാഹം നടക്കുന്നത് ചൂണ്ടിക്കാട്ടി മിശ്ര വിവാഹത്തോടുള്ള വിയോജിപ്പ് വ്യക്തമാക്കി. കാതല്‍ ദി കോര്‍ സിനിമയുടെ സംവിധായകന്‍ പിഎംഎ സലാമിനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.
ശബരിമലയില്‍ സര്‍ക്കാര്‍ അനാസ്ഥ പിഞ്ചു ബാലികയുടെ ജീവന്‍ നഷ്ടപ്പടുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. വകുപ്പുകളുടെ ഏകോപനമില്ലായ്മയും സര്‍ക്കാരിന്റെ കാര്യശേഷി കുറവുമാണ് ഇതിന് കാരണം. ഇത്ര തിരക്ക് ഉണ്ടാകുമെന്ന് നേരത്തെ ബോധ്യമുണ്ടായിട്ടും നടപടി എടുത്തില്ല. ഈ തെറ്റിന് സര്‍ക്കാര്‍ ഉത്തരം പറയേണ്ടി വരും. ഭിന്നശേഷി സംവരണം സ്വാഗതം ചെയുന്നു. മുസ്ലിം വിഭാഗത്തിന്റെ രണ്ടു ടേണ്‍ നഷ്ടപ്പെട്ടു. മുസ്ലിം സംവരണം വല്ലാതെ കുറയുന്ന സ്ഥിതിയാണ്. ഭിന്നശേഷിക്കാരുടെ ടേണില്‍ മാറ്റം വരുത്തണം. ഈ വിഷയത്തില്‍ ലീഗ് സമരത്തിലേക്ക് പോകും. മുന്നോടിയായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും. വിദ്യാഭ്യാസ മന്ത്രി ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്താമെന്നു പറഞ്ഞിരുന്നു. അദ്ദേഹത്തെയും കാണും. നീതിപൂര്‍വമായ ഇടപെടല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇല്ലെങ്കില്‍ ശക്തമായ സമരം നടത്തും.
സപ്ലൈക്കോയില്‍ സാധനങ്ങളില്ല. ക്രിസ്തുമസ് ചന്ത ഉപേക്ഷിക്കുമെന്നും വാര്‍ത്ത വരുന്നു. ഇത് കേരള ജനതയോടുള്ള വെല്ലുവിളിയാണ്. ഈ നിലപാട് ഉപേക്ഷിക്കണം. സപ്ലൈകോ സബ്‌സിഡി ഒഴിവാക്കരുത്. ഇന്നത്തെ മുസ്ലിം ലീഗ് യോഗം ലോക്‌സഭ തെരഞ്ഞെടുപ്പു വിഷയം ചര്‍ച്ച ചെയ്തു. മുന്നണിയില്‍ മൂന്നാം സീറ്റ് മുസ്ലിം ലീഗ് ചോദിച്ചിട്ടില്ല. എത്ര സീറ്റ് കിട്ടിയാലും മത്സരിക്കാനും ജയിക്കാനും ഉള്ള ആത്മ വിശ്വാസം ലീഗിനുണ്ട്. അധിക സീറ്റിനോക്കെ അര്‍ഹത ലീഗിന് ഉണ്ട്. വയനാട് രാഹുല്‍ മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്.
അക്രമ സമരങ്ങളോടും എല്ലാ അക്രമത്തോടും എതിര്‍പ്പാണെന്ന് പിഎംഎ സലാം പറഞ്ഞു. കരിങ്കൊടി കാണിക്കുന്നവര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസ് എടുക്കുന്ന സ്ഥിതിയാണ്. ആര്‍ക്കെതിരെയും പ്രതിഷേധിക്കാം. ഇങ്ങനെ ഒക്കെ ചെയ്തല്‍ മോദിയും പിണറായിയും തമ്മില്‍ എന്താണ് വ്യത്യാസം? ജിയോ ബേബി പറഞ്ഞത് ഒരു ഭാര്യ പോരാ എന്നാണ്. അതിനെയാണ് വിദ്യാഭ്യാസ മന്ത്രിയും എസ് എഫ് ഐ യും അനുകൂലിച്ചത്. ബഹുഭാര്യാത്വത്തെ എതിര്‍ക്കുന്നവരാണ് ജിയോ ബേബിയെ അനുകൂലിച്ചത്. നാസര്‍ ഫൈസിയുടെ പ്രസ്താവനക്കൊക്കെ നിരവധി തെളിവുകളുണ്ട്. പാര്‍ട്ടി ഓഫിസില്‍ പോയി വിവാഹം കഴിപ്പിച്ചതിന്റെ ഫോട്ടോ ഉള്‍പ്പെടെ നിരവധി തെളിവുകളുണ്ട്. ചില വാക്കുകളില്‍ പിടിച്ചു വിഷയത്തെ വഴി തിരിച്ചു വിടേണ്ടെന്നും സലാം പറഞ്ഞു.