ന്യൂഡല്‍ഹി: പഞ്ചാബില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹത്തിനെതിരെ പ്രതിഷേധം ഉണ്ടായതിലും ഇത് മൂലം 20 മിനിറ്റ് വാഹനം ഫ്‌ലൈ ഓവറില്‍ കിടന്നതിനെക്കുറിച്ചും വിശദമായി അന്വേഷണം നടത്താനുള്ള സമിതിയെ റിട്ടയേഡ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര നയിക്കും. സുപ്രീംകോടതിയാണ് സമിതി രൂപീകരിച്ചത്.
എന്താണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ സംഭവിച്ചതെന്നും, എങ്ങനെയാണ് സുരക്ഷാ വീഴ്ചയുണ്ടായതെന്നും കണ്ടെത്തി സുപ്രീംകോടതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കുകയെന്നതാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അധ്യക്ഷയായ സമിതിയുടെ ചുമതല. ദേശീയാന്വേഷണ ഏജന്‍സിയിലെ ഓഫീസര്‍മാരും പഞ്ചാബ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും അന്വേഷണസംഘത്തിലുണ്ടാകും.
”ഒരു ഭാഗത്തിനെ അനുകൂലിച്ചുകൊണ്ടുള്ള അന്വേഷണമല്ല, സ്വതന്ത്രാന്വേഷണമാണ് ഈ കേസില്‍ വേണ്ടത്”, എത്രയും പെട്ടെന്ന് സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിച്ചുകൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി. എന്‍ഐഎ ഡയറക്ടര്‍ ജനറല്‍, ചണ്ഡീഗഢ് ഡിജിപി, പഞ്ചാബ് പൊലീസില്‍ സുരക്ഷാച്ചുമതലയുള്ള എഡിജിപി, പഞ്ചാബ് റജിസ്ട്രാര്‍ ജനറല്‍, ഹരിയാന ഹൈക്കോടതിയിലെ ജഡ്ജിമാര്‍ എന്നിവര്‍ അന്വേഷണസംഘത്തിന്റെ അംഗങ്ങളാകും.