നീരവ് മോദിക്കും മെഹുല്‍ ചോക്‌സിക്കുമെതിരെ ജാമ്യമില്ലാ വാറണ്ട്

മുംബൈ: പഞ്ചാബ് നാഷണ്‍ ബാങ്കില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യ പ്രതികളായ വജ്രവ്യാപാരിയായ നീരവ് മോദിക്കും മെഹുല്‍ ചോക്‌സിക്കും എതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. മുംബൈ സിബിഐ കോടതിയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. പിഎന്‍ബിയില്‍ നിന്നുള്ള ജാമ്യപത്രം ഉപയോഗിച്ച് 12,300 കോടിയുടെ തട്ടിപ്പുനടത്തിയ ഇരുവരും മുംബൈയിലെ കമ്പനിയിലേക്ക് പണമെത്തിച്ചത് ഹവാല വഴിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

തട്ടിപ്പിലൂടെ കണ്ടെത്തിയ പണം മെഹുല്‍ ചോക്‌സി ഗീതാഞ്ജലി ജെംസ് എന്ന തന്റെ കമ്പനിയുടെ അക്കൗണ്ടിലേക്ക് മിക്കപ്പോഴും എത്തിച്ചിരുന്നതായും പലപ്പോഴും വ്യാജ കമ്പനികളുടെ പേരില്‍ ഈപണം പിന്‍വലിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു. നീരവ് മോദിയുടെ കമ്പനികളിലേക്ക് ദിവസങ്ങളെടുത്ത് വ്യാജ ഇടപാടുകളിലൂടെയാണു പണമെത്തിച്ചിരുന്നതെങ്കില്‍ ചോക്‌സി ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ തന്നെ പണം ഇന്ത്യയിലെത്തിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

നീരവിന്റെയും ചോക്‌സിയുടെയും പണമിടപാടുകള്‍ സംബന്ധിച്ച് സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), എസ്എഫ്‌സിഒ അടക്കം വിവിധ ഏജന്‍സികളാണ് അന്വേഷണം നടത്തുന്നത്.

Top