ഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് അന്വേഷണത്തില്‍ തല്‍ക്കാലം ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബാങ്ക്തട്ടിപ്പിനെതിരെ ഹര്‍ജി നല്‍കിയവരുടെ നീക്കം പബ്‌ളിസിറ്റി സ്റ്റണ്ടാണെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് വിമര്‍ശിച്ചു. പിഎന്‍ബിയിലെ ജനറല്‍ മാനേജര്‍ രാജേഷ് ജിന്‍ഡലിനെ തട്ടിപ്പ് കേസില്‍ സിബിഐ അറസ്റ്റു ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.
ബാങ്ക് തട്ടിപ്പില്‍ അഭിഭാഷകനായ വിനീത് ധന്‍ദ നല്കിയ പരാതി പരിഗണിച്ച സുപ്രീം കോടതി രൂക്ഷ വിമര്‍ശനമാണ് ഹര്‍ജിക്കാര്‍ക്കെതിരെ നടത്തിയത്. രാജ്യം കേസ് ഉറ്റുനോക്കുകയാണെന്നും കേന്ദ്രത്തിന് നോട്ടിസ് അയയ്ക്കുക എങ്കിലും ചെയ്യണമെന്നും ഹര്‍ജിക്കാര്‍ പറഞ്ഞതാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിനെ ചൊടിപ്പിച്ചത്. പബ്‌ളിസിറ്റിക്കു വേണ്ടിയാണോ ഹര്‍ജി നല്‍കിയതെന്ന് കോടതി ചോദിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്നും അറസ്റ്റുകള്‍ നടന്നെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വാദിച്ചു.
അന്വേഷണ ഏജന്‍സികള്‍ക്ക് സ്വതന്ത്രമായി മുന്നോട്ടു പോകാനുള്ള സാഹചര്യം വേണമെന്നും ഇതില്‍ വീഴ്ചയുണ്ടെങ്കില്‍ മാത്രമേ ഇടപെടൂ വെന്നും കോടതി വ്യക്തമാക്കി. അടുത്ത മാസം പതിനാറിന് അറ്റോര്‍ണി ജനറലിന്റെ വാദം കേട്ട ശേഷം തുടര്‍നടപടി എടുക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വായ്പകളുടെ ചുമതലയുള്ള ജനറല്‍ മാനേജര്‍ രാജേഷ് ജിന്‍ഡലിനെ സിബിഐ അറസ്റ്റു ചെയ്തു. മുമ്പ് ബ്രെയ്ഡി റോഡ് ശാഖയ്ക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥനാണ് ജിന്‍ഡല്‍. 3695 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസില്‍ പിടിയിലായ റോട്ടോമാക് ഉടമ വിക്രം കോത്താരിയെ ദില്ലിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്.