സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡിന്റെ പുതിയ ഹാന്‍ഡ്‌സെറ്റ് ചൊവ്വാഴ്ച പുറത്തിറങ്ങി. പോക്കോ എം4 പ്രോ 5ജി രാജ്യാന്തര വിപണിയിലാണ് അവതരിപ്പിച്ചത്. ഈ വര്‍ഷം ആദ്യം അവതരിപ്പിച്ച പോക്കോ എം3 പ്രോ 5ജി യുടെ പരിഷ്‌കരിച്ച പതിപ്പാണിത്. പോക്കോ എം4 പ്രോ 5ജിയുടെ ഇന്ത്യയിലെ ലോഞ്ച് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അടുത്തിടെ ചൈനയില്‍ അവതരിപ്പിച്ച റെഡ്മി നോട്ട് 11 ന്റെ റീബ്രാന്‍ഡഡ് വേരിയന്റാണ് പോക്കോ എം4 പ്രോ 5ജി. പോക്കോ, ഷഓമി എന്നിവര്‍ക്ക് അവരുടെ ഫോണുകള്‍ റീബ്രാന്‍ഡ് ചെയ്യുകയും പ്രത്യേക വിപണികള്‍ക്കായി വ്യത്യസ്ത പേരുകളില്‍ അവ പുറത്തിറക്കുകയും ചെയ്ത ചരിത്രമുണ്ട്.
പോക്കോ എം4 പ്രോ 5ജിയില്‍ റെഡ്മി നോട്ട് 11-ന് സമാനമായ ഫീച്ചറുകള്‍ കാണാം. ഇത് പുതിയ ഷഓമി സ്മാര്‍ട്ട്ഫോണിന് സമാനമാണ്. മീഡിയടെക് ഡൈമെന്‍സിറ്റി 810 പ്രോസസര്‍ ആണ് പോക്കോ ഫോണിന് കരുത്ത് പകരുന്നത്. പിന്നില്‍ 50 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറയും ഫീച്ചര്‍ ചെയ്യുന്നു. കഴിഞ്ഞ ദിവസത്തെ ഇവന്റില്‍ തന്നെ പോക്കോ എഫ്3 യുടെ പുതിയ മോഡലും അവതരിപ്പിച്ചു.
പോക്കോ എം4 പ്രോ 5ജി യുടെ 4ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 229 യൂറോ (ഏകദേശം 19,648 രൂപ) ആണ്. 6ജിബി+128ജിബി സ്റ്റോറേജ് വേരിയന്റിന് 249 യൂറോയും (ഏകദേശം 21,364 രൂപ) നല്‍കണം. പവര്‍ ബ്ലാക്ക്, കൂള്‍ ബ്ലൂ, പോക്കോ യെല്ലോ എന്നീ കളര്‍ ഓപ്ഷനുകളിലെല്ലാം സ്മാര്‍ട് ഫോണ്‍ ലഭ്യമാകും.
പോക്കോ എം4 പ്രോ 5ജിയിലേത് 6.6 ഇഞ്ച് ഫുള്‍-എച്ച്ഡിപ്ലസ് എല്‍സിഡി ഡിസ്പ്ലേയാണ്. 90Hz ആണ് റിഫ്രഷ് റേറ്റ്. 240Hz ടച്ച് സാംപ്ലിങ് റേറ്റിലാണ് ഫോണ്‍ വരുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മാലി-ജി 57 എംസി 2 ജിപിയു ഉള്ള മീഡിയടെക് ഡൈമെന്‍സിറ്റി 810 പ്രോസസറാണ് ഹാന്‍ഡ്‌സെറ്റ് നല്‍കുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഡൈനാമിക് റാം വിപുലീകരണവും 1 ടിബി വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജും സ്മാര്‍ട് ഫോണ്‍ പിന്തുണയ്ക്കുന്നുണ്ട്. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള MIUI 12.5 കസ്റ്റം സ്‌കിന്‍ ഔട്ട് ഓഫ് ദി ബോക്സിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
പോക്കോ എം4 പ്രോ 5ജി യില്‍ 50 മെഗാപിക്‌സലിന്റേതാണ് പ്രൈമറി സെന്‍സര്‍, കൂടെ 8 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ക്യാമറയുണ്ട്. സെല്‍ഫിയ്ക്കായി 16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 33W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് പോക്കോ എം4 പ്രോ 5ജി പായ്ക്ക് ചെയ്യുന്നത്.