ചൈനീസ് ടെക്നോളജി ഭീമനായ ഷവോമിയുടെ ഉപബ്രാൻഡായി 2018-ൽ ഇന്ത്യയിലെത്തിയ പോക്കോ 2020-ന്റെ തുടക്കത്തിലാണ് പ്രത്യേക ബ്രാൻഡായി മാറിയത്. സ്വന്തന്ത്ര ബ്രാൻഡായി മാറിയതിന് ശേഷം കഴിഞ്ഞ ഒരു വർഷത്തിനിടെ X2, M2 പ്രോ, M2, X3, C3 എന്നീ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു. ഈ വർഷം തുടക്കത്തിൽ M2-ന്റെ പിൻഗാമി M3യെ പോക്കോ വിപണിയിലെത്തിച്ചു. എങ്കിലും മുൻഗാമി പോക്കോ M2 കളമൊഴിയുകയല്ല. പരിഷ്കരിച്ച പോക്കോ M2 ഈ മാസം 21-ന് വില്പനക്കെത്തും.
ബുധനാഴ്ച പരിഷ്കരിച്ച M2 വില്പനക്കെത്തും എന്ന് വ്യക്തമാക്കി പോക്കോ ട്വീറ്റ് ചെയ്തിട്ടുണ്ട്. അന്ന് തന്നെ ഉച്ചയ്ക്ക് 3 മണി മുതൽ ഫോണിന്റെ വില്പനയും ആരംഭിക്കും. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പോക്കോ M2 വില്പനക്കെത്തിയ അതെ വിലയ്ക്കാവും പുത്തൻ M2വും വില്പനക്കെത്തുക എന്നാണ് സൂചന. 6 ജിബി റാം + 64 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ വില്പനയിലുണ്ടായിരുന്ന M2-ന് 10,999, 12,499 എന്നിങ്ങനെയായിരുന്നു ലോഞ്ച് വില.