ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ പോക്കോ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് X3 സ്മാർട്ട്ഫോൺ വില്പനക്കെത്തിച്ചത്. ഇന്ന് (മാർച്ച് 30) പ്രീമിയം പതിപ്പായ X3 വിപണിയിലെത്തിച്ചതോടൊപ്പം X3യുടെ വിലയും പോക്കോ കുറച്ചു. 6 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് 16,999 രൂപയും, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 18,499 രൂപയും, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 19,999 രൂപയുമായിരുന്നു ലോഞ്ച് വില. എന്നാൽ ഏപ്രിൽ 1 മുതൽ 2000 രൂപ കുറച്ച് 14,999 രൂപ മുതലാണ് പോക്കോ X3യുടെ വില ആരംഭിക്കുക. മൂന്ന് പതിപ്പുകൾക്കും 2000 രൂപയുടെ ഡിസ്കൗണ്ട് ഉണ്ടാകുമോ എന്ന് ഇപ്പോൾ വ്യക്തമല്ല.
കോബാൾട്ട് ബ്ലൂ, ഷാഡോ ഗ്രേ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ പോക്കോ X3 വാങ്ങാം. ആൻഡ്രോയിഡ് 10 അടിസ്ഥാനമായ MIUI 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഹാൻഡ്സെറ്റ് പ്രവർത്തിക്കുന്നത്. 6.67 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലേയ്ക്ക് (1,080×2,340 പിക്സൽ) 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിങ് റേറ്റ്, HDR10 സർട്ടിഫിക്കേഷൻ എന്നിവയുണ്ട്. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 സംരക്ഷണവും ഈ ഡിസ്പ്ലേയ്ക്കുണ്ട്. അഡ്രിനോ 618 ജിപിയുവുമായി ചേർന്ന് പ്രവർത്തിക്കുന്ന പുതുതായി വിപണിയിലെത്തിയ ഒക്ടകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 732 ജി SoC പ്രോസസ്സർ ആണ് പോക്കോ X3യുടെ കരുത്ത്.