മലപ്പുറം: മഞ്ചേരിയില്‍ പോക്‌സോ കേസ് പ്രതി കോടതി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. പ്രതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എവെണ്ണ ചാത്തല്ലൂര്‍ സ്വദേശി തച്ചറായില്‍ ആലിക്കുട്ടിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ആലിക്കുട്ടി പൊലീസിനെ വെട്ടിച്ച് കോടതി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടിയത്. പരിക്ക് ഗുരുതരമായതിനാല്‍ പ്രാഥമിക ചികിത്സക്ക് ശേഷം ആലിക്കുട്ടിയെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ അപകടനില തരണം ചെയ്തിട്ടില്ല.
സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയ കേസില്‍ കഴിഞ്ഞ മാസമാണ് സ്‌കൂളിലെ സമീപവാസിയായ ആലിക്കുട്ടി അറസ്റ്റിലായത്. സ്‌കൂള്‍ അടക്കുന്നതിനു രണ്ട് ദിവസം മുമ്പാണ് സംഭവമുണ്ടായത്. സ്‌കൂളിന് പുറത്തേക്കിറങ്ങിയ മൂന്നു കുട്ടികളോടും ആലിക്കുട്ടി മോശമായി പെരുമാറിയെന്നായിരുന്നു പരാതി. പെണ്‍കുട്ടികളുടെ മൊഴിയെടുത്തശേഷമാണ് പൊലീസ് ആലിക്കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.