കൊച്ചി: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ പോക്‌സോ കേസ് ചുമത്തി. 2019ല്‍ തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് ജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലാണ് പോക്‌സോ ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ നോര്‍ത്ത് പൊലീസ് കേസെടുത്തു.
മോന്‍സന്റെ മ്യൂസിയമുള്ള വീട്ടില്‍ പെണ്‍കുട്ടിയും അമ്മയും ജോലി നോക്കിയിരുന്നപ്പോഴാണ് പീഡനം അരങ്ങേറിയത്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി സംഭവത്തില്‍ പരാതിയുമായി രംഗത്തെത്തിയത്. പരാതിയില്‍ മോന്‍സനുമായി അടുപ്പമുള്ളവരുടെ പേരുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മറ്റു അഞ്ചുകേസുകള്‍ക്ക് പുറമെയാണ് ഈ കേസും. കേസ് ക്രൈംബ്രാഞ്ചിനു കൈമാറി.
നേരത്തെ, മോന്‍സന്‍ കേസില്‍ പ്രവാസി യുവതിയായ അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. മോന്‍സണുമായി ബന്ധപ്പെട്ടുള്ള ചില വിവരങ്ങള്‍ അനിത അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.
മലയാളി ഫെഡറേഷന്‍ രക്ഷാധികാരിയെന്ന നിലയില്‍ നിരവധി പ്രമുഖ പ്രവാസികളുമായി മോന്‍സണ് അടുപ്പമുണ്ടായിരുന്നു. മോന്‍സണുമായി അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും മോന്‍സണ്‍ വമ്പന്‍ തട്ടിപ്പുകാരനാണെന്ന് മനസിലായപ്പോഴാണ് താന്‍ ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നും അനിത മുന്‍പ് പറഞ്ഞിരുന്നു. മുന്‍ ഡി ജി പി ലോക്നാഥ് ബെഹ്റയ്ക്ക് മോന്‍സണെ പരിചയപ്പെടുത്തിയത് അനിതയായിരുന്നു.
തൃശൂര്‍ മാള സ്വദേശിയായ അനിത ഇറ്റാലിയന്‍ സ്വദേശിയെയാണ് വിവാഹം കഴിച്ചത്. കഴിഞ്ഞ 23 വര്‍ഷമായി ഇറ്റലിയിലാണ് താമസിക്കുന്നത്. പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) ഗ്ലോബല്‍ വനിത കോഓര്‍ഡിനേറ്ററും, ലോക കേരള സഭാ അംഗവുമാണ് അനിത.