ശിശുക്ഷേമ സമിതി ചെയര്‍മാനെതിരായ പോക്‌സോ കേസ്; പൊലീസ് അന്വേഷണമാരംഭിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ പോക്‌സോ കേസ് ഇരയോട് ശിശുക്ഷേമ സമിതി ജില്ലാ ചെയര്‍മാന്‍ ഇ ഡി ജോസഫ് മോശമായി സംസാരിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നാളെ പെണ്‍കുട്ടിയുടെ മൊഴി തലശ്ശേരി പൊലീസ് രേഖപ്പെടുത്തും. സംഭവത്തെക്കുറിച്ച് സ്വമേധേയ കേസെടുത്ത ബാലാവകാശ കമ്മീഷന്‍ പൊലീസില്‍ നിന്നും സിഡബ്യൂസിയില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

പോക്‌സോ കേസിലെ ഇരയെ കൗണ്‍സിലിംഗിനായി കൊണ്ടുവന്നപ്പോള്‍ ഇ ഡി ജോസഫ് മോശമായി സംസാരിച്ചു എന്നാണ് കുട്ടി മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴി. പെണ്‍കുട്ടിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി ജോസഫിനെതിരെ തലശ്ശേരി പൊലീസ് കേസെടുത്തത്.

കുട്ടികള്‍ക്കെതിരായ പീഡനക്കേസുകള്‍ പരിഗണിക്കുകയും പ്രശ്‌നപരിഹാരം നിര്‍ദേശിക്കുകയും ചെയ്യേണ്ട ജില്ലാതലത്തിലെ അതോറിറ്റിയാണ് ശിശുക്ഷേമസമിതി. ഒക്ടോബര്‍ 21-ന് പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനായി തലശ്ശേരി എരഞ്ഞോളിയിലെ ശിശുക്ഷേമ സമിതിയുടെ ഓഫീസിലെത്തിച്ചിരുന്നു. ഈ സമിതിയ്ക്ക് മുമ്പാകെ കൗണ്‍സിംഗിന് ഹാജരായപ്പോള്‍ തന്നോട് ഇ ഡി ജോസഫ് മോശമായി പെരുമാറിയെന്നാണ് മജിസ്‌ട്രേറ്റിനോട് 17 വയസ്സുകാരിയായ പെണ്‍കുട്ടി രഹസ്യമൊഴിയില്‍ പറഞ്ഞിരിക്കുന്നത്.

എന്നാല്‍ താന്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും, വനിതാ കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവര്‍ക്കൊപ്പം ഇരുന്നാണ് പെണ്‍കുട്ടിയോട് സംസാരിച്ചതെന്നും, എന്താണ് സംഭവിച്ചതെന്ന് ചോദിച്ച് മനസ്സിലാക്കുക മാത്രമാണ് ചെയ്തതെന്നും ഇ ഡി ജോസഫ് പറഞ്ഞു.

Top