ന്യൂഡല്‍ഹി: ലൈംഗിക അതിക്രമ കേസില്‍ വിവാദ ഉത്തരവ് പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിക്കെതിരെയുള്ള കൊളീജിയം നീക്കം മയപ്പെടുത്തി കേന്ദ്രം. വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജി പുഷ്പ ഗനേഡിവാലക്ക് അനുകൂലമായി തീരുമാനമെടുത്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അഡീഷണല്‍ ജഡ്ജി സ്ഥാനം രണ്ടുവര്‍ഷത്തേക്ക് നീട്ടാനുള്ള കൊളീജിയം ശുപാര്‍ശ ഒരു വര്‍ഷമായി കേന്ദ്രം ചുരുക്കി. സ്ഥിരം ജഡ്ജി നിയമനം ഉടന്‍ നല്‍കേണ്ട എന്ന കൊളീജിയം തീരുമാനമാണ് കേന്ദ്രം തടഞ്ഞത്.
ശരീരത്തില്‍ നേരിട്ടല്ലാതെ വസ്ത്രത്തിന് പുറത്തുകൂടി സ്പര്‍ശിക്കുന്നത് ലൈംഗിക അതിക്രമം അല്ല എന്ന വിവാദ ഉത്തരവ് ജസ്റ്റിസ് ഗനേഡിവാലക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പോക്‌സോ കേസിലായിരുന്നു പുഷ്പ ഗനേഡിവാലയുടെ വിവാദ നിരീക്ഷണം. ഈ വിവാദ വിധി പിന്നീട് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.
ഇതിന് പിന്നാലെ അഞ്ചുവയസുകാരിക്കെതിരായ അമ്പത് വയസുകാരന്റെ ലൈംഗികാതിക്രമക്കേസിലും 15 വയസുകാരിയെ 26 കാരന്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്കള്‍ക്ക് അനുകൂലമായ വിധിയാണ് പുഷ്പ ഗനേഡിവാല പുറപ്പെടുവിച്ചത്. അഞ്ചുവയസ്സുകാരിയുടെ കയ്യില്‍ പിടിച്ചുകൊണ്ട് ഒരു അമ്പതുകാരന്‍ തന്റെ പാന്റ്‌സിന്റെ സിപ്പ് ഊരിയ സംഭവത്തില്‍ പോക്‌സോ ചുമത്താന്‍ വകുപ്പില്ല എന്നായിരുന്നു ജസ്റ്റിസ് ഗനേഡിവാലയുടെ നിരീക്ഷണം.
എതിര്‍ക്കുന്ന വ്യക്തിയെ പിടിച്ച് വച്ച് വസ്ത്രമഴിച്ച് പീഡിപ്പിക്കാന്‍ ഒരാള്‍ക്ക് തനിയെ സാധിക്കില്ലെന്നായിരുന്നു പ്രതിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള പുഷ്പ ഗനേഡിവാലയുടെ മറ്റൊരു വിവാദ വിധി. ഒരാള്‍ തനിയെ ഇരയുടെ വായപൊത്തിപ്പിടിക്കുകയും ബലാത്കാരം ചെയ്യുകയും ചെയ്യുക അസാധ്യമാണെന്നും കേസിലെ വൈദ്യ പരിശോധനാ റിപ്പോര്‍ട്ട് ഇരയ്ക്ക് അനുകൂലമല്ലെന്നും പുഷ്പ ഗനേഡിവാല പറയുന്നു.