മുംബൈ: പൗരത്വനിയമഭേദഗതിക്കെതിരേ കാറിലിരുന്ന് കൊണ്ട് സംസാരിച്ച കവിയും മള്‍ട്ടിമീഡിയ ഫ്രീലാന്‍സറുമായ യുവാവിനെ ടാക്‌സി ഡ്രൈവര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ജയ്പുര്‍ സ്വദേശി ബപ്പാദിത്യ സര്‍ക്കാറിനെയാണ് (23) ബുധാനാഴ്ച രാത്രി ഉബര്‍ ഡ്രൈവര്‍ സാന്താക്രൂസ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.
ജുഹുവില്‍നിന്ന് കുര്‍ളയിലേക്ക് രാത്രി 10.30-ന് പോവുകയായിരുന്നു ബപ്പാദിത്യ. ഇതിനിടയിലാണ് നാട്ടില്‍ പൗരത്വനിയമഭേദഗതിക്കെതിരേ നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് ജയ്പുരിലുള്ള മറ്റൊരു സുഹൃത്തുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചത്. ഇതുകേട്ട ടാക്‌സി ഡ്രൈവര്‍ വണ്ടി സാന്താക്രൂസ് പോലീസ് സ്റ്റേഷന് സമീപം നിര്‍ത്തിയശേഷം എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിച്ചുവരാമെന്ന് പറഞ്ഞ് ഇറങ്ങി. എന്നാല്‍, അയാള്‍ തിരികെവരുമ്പോള്‍ രണ്ടു പോലീസുകാരെയും കൂട്ടിയാണ് വന്നത്.
ഇയാള്‍ കമ്യൂണിസ്റ്റ് ആണെന്നും രാജ്യത്തെ നശിപ്പിക്കുന്ന കാര്യമാണ് ഫോണില്‍ സംസാരിച്ചതെന്നും രാജ്യത്തെ മുഴുവന്‍ ഷഹീന്‍ബാഗാക്കിമാറ്റാനാണ് ശ്രമിക്കുന്നതെന്നും ഡ്രൈവര്‍ പൊലീസുകാരോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് രണ്ടരമണിക്കൂറോളം പൊലീസ് തന്നെ ചോദ്യംചെയ്‌തെന്ന് ബപ്പാദിത്യ പറയുന്നു.
ഏതു പുസ്തകങ്ങളാണ് വായിക്കുന്നത്, കമ്യൂണിസം, പൗരത്വനിയമം, ഷഹീന്‍ബാഗ് പ്രതിഷേധം തുടങ്ങിയവയെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍, പ്രതിഷേധങ്ങളുടെയും മറ്റും പിറകെപ്പോകുമ്പോള്‍ ജീവിതച്ചെലവിനുള്ള പണം എങ്ങനെ കണ്ടെത്തുന്നു, പിതാവിന്റെ ശമ്പളമെത്ര തുടങ്ങി ഒരു അര്‍ഥവുമില്ലാത്ത ചോദ്യങ്ങളാണ് പൊലീസ് ചോദിച്ചതെന്ന് ബപ്പാദിത്യ പറഞ്ഞു. തന്റെ കൈയിലുണ്ടായിരുന്ന വാദ്യോപകരണത്തെക്കുറിച്ചും അവര്‍ ചോദിച്ചു.
ഇതുമായി നടക്കരുതെന്നും ചുവന്ന ടവല്‍ തലയില്‍ കെട്ടരുതെന്നും മറ്റും പൊലീസ് പറഞ്ഞതാി ബാപ്പാദിത്യ വെളിപ്പെടുത്തി. എന്നാല്‍, ചില അടിസ്ഥാനകാര്യങ്ങള്‍ ചോദിച്ചറിഞ്ഞതല്ലാതെ തങ്ങള്‍ ഇത്തരത്തിലുള്ള ചോദ്യങ്ങളൊന്നും ചോദിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. കേസെടുക്കാന്‍ വകുപ്പുകളൊന്നും ഇല്ലാത്തതിനാല്‍ രണ്ടുപേരെയും വിട്ടയച്ചു എന്നും പൊലീസ് വെളിപ്പെടുത്തി.
പൗരത്വനിയമത്തിനെതിരേ നടക്കുന്ന പല പ്രതിഷേധങ്ങളിലും പങ്കെടുത്ത അദ്ദേഹം ജയ്പുരില്‍നടന്ന ലിറ്റ് ഫെസ്റ്റിവലിനുശേഷമാണ് മുംബൈയിലേക്ക് എത്തിയത്. ആക്ടിവിസ്റ്റ് കവിതാ കൃഷ്ണന്‍ ഈ സംഭവം ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. വിശദവിവരങ്ങള്‍ക്കായി മുംബൈ പോലീസും ഉബറും കവിതാ കൃഷ്ണനോട് അഭ്യര്‍ഥിച്ചിരിക്കുകയാണ്.