ഭീമ കൊറേഗാവ് കേസ്: കവി വരവറാവു ജയില്‍മോചിതനായി

മുംബൈ: ഭീമ കൊറേഗാവ് കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് ജയിലിലായിരുന്ന കവി വരവരറാവു ജയില്‍ മോചിതനായി.ഇദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി ഫെബ്രുവരി 22 ന് വരവറവുവിന് ജാമ്യം അനുവദിക്കുകയായിരുന്നു.ഇതിനുശേഷം മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു റാവു.ഇന്നലെ രാത്രി വൈകിയാണ് വരവരറാവുവിന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്ജ് ചെയ്തത്.

മുംബൈ വിട്ടുപോകരുതെന്നും, പൊലീസ് എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്നുമുള്ള ഉപാധികളോടെയാണ് വരവരറാവുവിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്‌പോര്‍ട്ട് എന്‍ഐഎയ്ക്ക് മുന്നില്‍ കെട്ടിവയ്ക്കണം, കേസിലെ മറ്റ് പ്രതികളുമായി യാതൊരു തരത്തിലും ബന്ധപ്പെടാന്‍ പാടില്ല, അരലക്ഷം രൂപയും ആള്‍ജാമ്യവും കോടതിയ്ക്ക് മുന്നില്‍ കെട്ടിവയ്ക്കണം എന്നിവയാണ് മറ്റ് ജാമ്യവ്യവസ്ഥകള്‍.

2018 ഓഗസ്റ്റ് 28 മുതല്‍ വരവരറാവു ജയിലിലാണ്. കേസിന്റെ വിചാരണ പോലും തുടങ്ങിയിട്ടുമില്ല. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പല തവണ വരവരറാവുവിന്റെ കുടുംബം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജാമ്യം നിഷേധിക്കപ്പെട്ടു. 365 ദിവസത്തില്‍ 149 ദിവസവും വരവരറാവു ആശുപത്രിയിലായിരുന്നെന്നും, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ള റാവുവിനെ തലോജ ജയിലില്‍ നിന്ന് മാറ്റി, ഹൈദരാബാദിലെ വീട്ടില്‍ കഴിയാന്‍ അനുവദിക്കണമെന്നും റാവുവിന് വേണ്ടി ഹാജരായ ഇന്ദിരാജയ്‌സിംഗ് വാദിച്ചു. ഈ വാദം അംഗീകരിച്ച ബോംബെ ഹൈക്കോടതി, ഇനിയും വരവരറാവുവിന് ജാമ്യം നല്‍കിയിട്ടില്ലെങ്കില്‍ അത് മനുഷ്യാവകാശങ്ങള്‍ അവഗണിക്കുന്നത് പോലെയാകുമെന്ന് നിരീക്ഷിച്ചിരുന്നു.

Top