ദില്ലി: അമിത്ഷായുടെ വിവാദ പരാമർശത്തിനെതിരെ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 2002 ൽ ഗുജറാത്തിലെ കലാപകാരികളെ പാഠം പഠിപ്പിച്ച് ബിജെപി സമാധാനം സ്ഥാപിച്ചു എന്ന അമിത് ഷായുടെ പരാമർശം അപലപനീയമെന്ന് യെച്ചൂരി പറഞ്ഞു. ഗുജറാത്തിലെ കൂട്ടക്കൊലകളെ ന്യായീകരിക്കുന്നതാണ് അമിത് ഷായുടെ പരാമർശം. തെരഞ്ഞെടുപ്പ് കാലത്ത് വിദ്വേഷം വളർത്താൻ ആണ് ഇതിലൂടെ ബിജെപിയും അമിത് ഷായും ലക്ഷ്യമിടുന്നത്. ക്രൂരമായ അക്രമത്തിന്റെ വംശഹത്യ പ്രചാരണത്തിലൂടെ പാഠം പഠിപ്പിക്കുകയല്ല സർക്കാരിന്റെ ജോലി. ഇത്രയും ഗുരുതര പരാമർശം അമിത് ഷാ നടത്തിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ പതിവു പോലെ കാഴ്ചക്കാരാണെന്നും 2002 ൽ ഗുജറാത്തിൽ നടന്നത് സംസ്ഥാനത്തെയും ഇന്ത്യയെയും വേദനിപ്പിക്കുന്നതാണെന്നും യെച്ചൂരി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഖേദ ജില്ലയിലെ മഹുധ പട്ടണത്തിലും ദാഹോദിലെ ജലോദിലും ബറൂച്ചിലെ വഗ്രയിലും നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ 2002 ലെ ഗുജറാത്ത് കലാപത്തെ അമിത് ഷാ ഓര്‍മ്മിപ്പിച്ചിരുന്നു. ഈ കലാപത്തിന് പിന്നാലെ സംസ്ഥാനത്തെ അക്രമികളെ അടിച്ചമര്‍ത്തിയെന്നും സമാധാനം കൊണ്ടുവന്നെന്നുമാണ് അമിത് ഷാ പ്രസംഗിച്ചത്. 2002 ലെ കലാപത്തില്‍ ബിജെപി അക്രമികളെ പാഠം പഠിപ്പിച്ചെന്നും പന്നീട് 2022 വരെ കലാപകാരികള്‍ തലയുയര്‍ത്താന്‍ ശ്രമിച്ചില്ലെന്നും ബിജെപി ഗുജറാത്തില്‍ ശാശ്വത സമാധാനം കൊണ്ടുവന്നെന്നും അവകാശപ്പെട്ടിരുന്നു. 2002-ൽ അവരെ പാഠം പഠിപ്പിച്ചതിന് ശേഷം ഈ കലാപകാരികള്‍ അക്രമത്തിന്റെ പാത വിട്ടു. 2002 മുതൽ 2022 വരെ അക്രമത്തിൽ ഏർപ്പെടുന്നതിൽ നിന്ന് അവര്‍ വിട്ടുനിന്നുവെന്നും കേന്ദ്രമന്ത്രി ആവര്‍ത്തിച്ചു.
“2001 ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നു. 2002 ന് ശേഷം എവിടെയും കർഫ്യൂ ഏർപ്പെടുത്തേണ്ട ആവശ്യമുണ്ടായില്ല. ഇപ്പോൾ ഒരു മാഫിയ ഉണ്ടോ? ഒരു ദാദ (ഗുണ്ടാസംഘം) ഉണ്ടോ?” എന്നായിരുന്നു നവംബർ 22 ന് ബനസ്‌കന്ത ജില്ലയിലെ ദീസയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ അമിത് ഷാ ചോദിച്ചത്.