പൊളാരിറ്റിയുടെ സ്മാര്‍ട്ട് ഇലക്ട്രിക് ബൈക്കുകള്‍ വിപണിയില്‍ അവതരിപ്പിച്ചു

പൊളാരിറ്റിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഇലക്ട്രിക് ബൈക്കുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്‌പോര്‍ട്‌സ്, എക്‌സിക്യൂട്ടീവ് എന്നീ റേഞ്ചിലായി ആറ് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സ്‌പോര്‍ട്‌സ് വിഭാഗത്തിലായി എസ്1 കെ, എസ്2 കെ, എസ്3 കെ എന്നീ മോഡലുകളും എക്‌സിക്യൂട്ടീവില്‍ ഇ1 കെ, ഇ2 കെ, ഇ3 കെ മോഡലുകളുമാണുള്ളത്. 38,000 മുതല്‍ 1.10 ലക്ഷം വരെയാണ് ഈ സ്മാര്‍ട്ട് ഇലക്ട്രിക് ബൈക്കുകളുടെ വില. 1,001 രൂപ കൊടുത്ത് സ്മാര്‍ട്ട് ബൈക്കിനുള്ള പ്രീബുക്കിങ് നടത്താം. അടുത്ത വര്‍ഷം മുതല്‍ ആറ് മോഡലുകളും ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്ത് തുടങ്ങും.

പെഡല്‍ അസിസ്റ്റഡ് ഇലക്ട്രിക് മോട്ടോറാണ് പൊളാരിറ്റി ഇലക്ട്രിക് ബൈക്കിന്റെ പ്രധാന സവിശേഷത. പരമാവധി ഇലക്ട്രിക് റേഞ്ചിന് ശേഷം പെഡല്‍ ചവിട്ടിയും സ്മാര്‍ട്ട് ബൈക്ക് ഓടിക്കാമെന്ന പ്രത്യേകതയുണ്ട്. ചവിട്ടുന്നതിനനുസരിച്ച് ബാറ്ററിയിലേക്ക് ചാര്‍ജ് കയറുകയും ചെയ്യും. ഒറ്റചാര്‍ജില്‍ 80 കിലോമീറ്റര്‍ വരെയാണ് ഇതിന്റെ ബാറ്ററി റേഞ്ച്.

സ്റ്റാന്റേര്‍ഡ് ഹോം ചാര്‍ജറിന് പുറമേ ഓപ്ഷണലായി ഫാസ്റ്റ് ചാര്‍ജറും ഇതിലുണ്ട്. ഉയര്‍ന്ന മോഡലിന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെയാണ് പരമാവധി വേഗത. എന്‍ട്രി ലെവല്‍ മോഡലില്‍ 40 കിലോമീറ്ററും. ലിഥിയം അയേണ്‍ ബാറ്ററിക്കൊപ്പം 1-3 കിലോവാട്ട് ബിഎല്‍ഡിസി ഇലക്ട്രിക് ഹബ് മോട്ടോറാണ് പൊളാരിറ്റിയുടെ സ്മാര്‍ട്ട് ബൈക്കുകളിലുള്ളത്.

ലൈറ്റ് വെയ്റ്റ് സ്റ്റീല്‍ ഫ്രെയ്മിലാണ് പൊളാരിറ്റി ബൈക്കുകള്‍ നിര്‍മിച്ചിരിക്കുന്നത്. സിംഗിള്‍ സീറ്റ് ഘടനയിലാണ് ഡിസൈന്‍. വലിയ സ്പോക്ക് വീല്‍, ഓഫ് റോഡ് ടയര്‍, എല്‍ഇഡി ലൈറ്റ്, ഓള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവ ഇലക്ട്രിക് ബൈക്കുകളെ വ്യത്യസ്തമാക്കും. ഇ3 കെ, എസ്3 കെ എന്നിവയില്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ജിപിഎസ് സംവിധാനവുമുണ്ട്.

ആറു മോഡലുകളിലും മുന്നില്‍ യുഎസ്ഡി ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍. ഡിസ്‌ക് ബ്രേക്ക് സുരക്ഷയുമുണ്ട്. ബാറ്ററിക്ക് മൂന്ന് വര്‍ഷത്തെ വാറണ്ടിയും കമ്പനി നല്‍കുന്നുണ്ട്.

Top