മലപ്പുറം: പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ ജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരായി നടന്ന പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച സിപിഎം പിബി അംഗം എംഎ ബേബി നിലപാട് തിരുത്തുകയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിലപാടില്‍ അയവു വരുത്തുകയും ചെയ്‌തെങ്കിലും വി എസ് പിന്നോട്ടില്ല.
ജിഷ്ണുകേസ് സംബന്ധമായി തിരഞ്ഞെടുപ്പു യോഗങ്ങളില്‍ പരാമര്‍ശിക്കാതിരിക്കാം പക്ഷേ നിലപാട് മാറ്റാന്‍ തന്നെ കിട്ടില്ലന്നാണ് സിപിഎം നേതൃത്വത്തെ വി എസ് അറിയിച്ചിരിക്കുന്നത്.
പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ മഹിജയടക്കമുള്ളവര്‍ക്കു നേരെ നടന്നത് പൊലീസ് അതിക്രമം തന്നെയാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അദ്ദേഹം.
ഇതേ തുടര്‍ന്ന് വി എസ് പങ്കെടുക്കുന്ന പൊതുയോഗങ്ങളില്‍ പ്രസംഗിക്കാന്‍ തയ്യാറാക്കുന്ന കുറുപ്പുകളില്‍ ‘പ്രത്യേകശ്രദ്ധ ‘ വേണമെന്ന് വി എസിനൊപ്പുള്ള ചുമതലപ്പെട്ട സഖാവിന് പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വി എസിനോടുള്ള മാധ്യമ പ്രവര്‍ത്തകരുടെ ‘ അനാവശ്യ ‘ ചോദ്യങ്ങള്‍ ഒഴുവാക്കുന്നതിനും പാര്‍ട്ടി ജാഗ്രത പാലിക്കുന്നുണ്ട്.
ജിഷ്ണുവിന്റെ കുടുംബത്തെ പൊലീസ് തടഞ്ഞതിനെതിരെ സംഭവ ദിവസം ഡിജിപി ലോക് നാഥ് ബഹ്‌റയെ നേരിട്ട് വിളിച്ച് വിഎസ് ശാസിച്ചിരുന്നു. മഹിജക്കും കുടുംബത്തിനുമൊപ്പം താന്‍ ഉണ്ടെന്ന് പറഞ്ഞ വി എസ്, മഹിജയും ജിഷ്ണുവിന്റെ സഹോദരിയും നടത്തുന്ന സത്യാഗ്രഹത്തിനും പിന്തുണ അറിയിച്ചിരുന്നു.
അതേ സമയം പൊലീസിന്റെ ഭാഗത്ത് വീഴ്ച പറ്റിയിട്ടില്ലന്നും ബാഹ്യശക്തികള്‍ ഇടപെട്ട് കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിച്ചതാണെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. വിരുദ്ധ അഭിപ്രായം പറഞ്ഞ ബേബിയുടെ നിലപാടിനെ അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു.
പാര്‍ട്ടിക്കകത്തെ ഈ ഭിന്നത മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും വലിയ പ്രചരണമാക്കിയതോടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും പൊലീസിനെ ന്യായീകരിച്ച് പിന്നീട് രംഗത്തുവരികയുണ്ടായി.
തുടര്‍ന്നാണ് ബേബി താന്‍ വൈകാരികമായി പ്രതികരിച്ചതാണെന്നും പാര്‍ട്ടി പറയുന്നത് തന്നെയാണ് തന്റെ നിലാപാടെന്നും പറഞ്ഞ് രംഗത്ത് വന്നത്.
വിമര്‍ശിക്കുന്നവര്‍ പ്രതിപക്ഷത്തല്ലന്ന് പ്രകാശ് കാരാട്ട് ഓര്‍മ്മപ്പെടുത്തിയതോടെ ജിഷ്ണുവിന്റെ കുടുംബത്തിനോട് സര്‍ക്കാര്‍ നീതി കാട്ടിയത് ചൂണ്ടിക്കാട്ടി കാനം രാജേന്ദ്രനും മലക്കം മറിഞ്ഞു.(സിപിഐക്ക് അകത്ത് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് കാനം വീണ്ടും പഴയ നിലപാടിലേക്ക് വീണ്ടും മടങ്ങിയിട്ടുണ്ട്)
ഇവരെല്ലാം മുന്‍ നിലപാട് തിരുത്തിയെങ്കിലും വി എസ് ഉറച്ച നിലപാടില്‍ തന്നെ തുടരുകയാണ്.
പറഞ്ഞ് തിരുത്തിക്കാന്‍ കഴിയില്ല എന്ന് ഉറപ്പുള്ളതിനാല്‍ ഇനി ഈ വിഷയത്തില്‍ വി എസ് തിരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും പ്രതികരിക്കരുതേ എന്ന് മാത്രമാണ് സിപിഎമ്മും ഇപ്പോള്‍ ആഗ്രഹിക്കുന്നത്.
നിലവിലെ സംഭവ വികാസങ്ങളെ വളരെ സെന്‍സിറ്റീവ് ആയിട്ടു തന്നെയാണ് സിപിഎമ്മും സര്‍ക്കാറും നോക്കി കാണുന്നത്.
പാര്‍ട്ടിക്കും സര്‍ക്കാറിനുമെതിരെ ഇന്നുവരെ ഒരു പ്രതിഷേധം പോലും ജിഷ്ണുവിന്റെ കുടുംബം ഉയര്‍ത്തിയിട്ടില്ല എന്നത് തന്നെയാണ് പാര്‍ട്ടി കേന്ദ്രങ്ങളെ ഏറ്റവും കൂടുതല്‍ ‘ സമര്‍ദ്ദത്തിലാക്കുന്നത് ‘
അടിയുറച്ച ഒരു സിപിഎം കുടുംബത്തിനാണ് ഈ ഗതിയെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുമ്പോള്‍ സിപിഎമ്മിന്റ പ്രതിരോധം പാളുന്നതും അത് കൊണ്ടാണ്.
പ്രത്യേകിച്ച് പിണറായിയെ ആരാധിച്ചിരുന്ന ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു ജിഷ്ണു പ്രണോയ് എന്നത് ഓര്‍ക്കുമ്പോള്‍.
മന്ത്രി എം എം മണി മഹിജക്കെതിരായി നടത്തിയ പരാമര്‍ശത്തിലും ഏറ്റവും കൂടുതല്‍ രോക്ഷമുയര്‍ന്നത് സിപിഎമ്മിനകത്ത് തന്നെയാണ്.
എന്തിനാണ് ഇത്തരം ‘വാ പോയ കോടാലികളെ ‘ ചുമക്കുന്നതെന്ന ചോദ്യമാണ് പാര്‍ട്ടി അണികള്‍ ശക്തമായി ഉയര്‍ത്തുന്നത്. സഖാക്കളെ കുടുംബത്തെ അപമാനിക്കരുതെന്നാണ് പൊതുവികാരം.
സംസ്ഥാന പൊലീസ് മേധാവിയുടെ കഴിവുകേടാണ് ഇപ്പോഴത്തെ ഈ അസാധാരണ സാഹചര്യം സൃഷ്ടിക്കാന്‍ വഴി ഒരുക്കിയതെന്ന നിലപാടാണ് വിഷയത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിനുള്ളത്.
നിരാഹാരം കിടക്കുന്ന ജിഷ്ണുവിന്റെ അമ്മയുടെയും സഹോദരിയുടെയും ആരോഗ്യനില വഷളായി തുടരുന്നതിനാല്‍ വി എസ് അവരെ സന്ദര്‍ശിക്കാന്‍ ഉടന്‍ പോകുമോ എന്ന ആശങ്കയും സിപിഎം നേതൃത്വത്തിനുണ്ട്.
പരിക്കേറ്റ മഹിജയെ കാണാന്‍ വി എസ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ രാഷ്ട്രീയ എതിരാളികള്‍ സന്ദര്‍ശനം ‘ആയുധമാകുമെന്ന് ‘ പാര്‍ട്ടി കേന്ദ്രങ്ങള്‍ അറിയിച്ചതിനാല്‍ പിന്തുണ ഫോണിലൂടെ അറിയിക്കുകയായിരുന്നു.
തുടര്‍ന്നാണ് പാര്‍ട്ടിയും മുഖ്യമന്ത്രിയും നിര്‍ദ്ദേശിച്ചതനുസരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മഹിജയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നത്.
എന്നാല്‍ ജിഷ്ണു കേസിലെ പ്രതികളെ മുഴുവന്‍ പിടികൂടുക, അതിക്രമം കാട്ടിയ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നീ കാര്യങ്ങളില്‍ തീരുമാനമാകാതെ നിരാഹാരം അവസാനിപ്പിക്കില്ലന്ന നിലപാടാണ് മന്ത്രിയോട് മഹിജ സ്വീകരിച്ചത്.
ഇതിനു ശേഷമാണ് പത്രങ്ങളില്‍ പരസ്യം ചെയ്ത് ജിഷ്ണു കേസില്‍ സ്വീകരിച്ച നടപടികളും പൊലീസ് ആസ്ഥാനത്ത് നടന്ന സംഭവ വികാസങ്ങളും സര്‍ക്കാര്‍ വിശദീകരിച്ചിരുന്നത്.
ഈ വിശദീകരണങ്ങള്‍ ഇടതു നേതാക്കള്‍ക്ക് പോലും ബോധ്യപ്പെട്ടിട്ടില്ലല്ലോ എന്ന ചോദ്യം പ്രതിപക്ഷം ഉയര്‍ത്തിയ ഘട്ടത്തിലാണ് ബേബിയും നിലപാട് തിരുത്താന്‍ നിര്‍ബന്ധിക്കപ്പെട്ടത്. തിരുത്താതെയിരിക്കുന്നതാകട്ടെ വി എസ് മാത്രവും.