തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറെ മര്‍ദ്ദിച്ച കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത ക്രൈംബ്രാഞ്ചിന്റെ നടപടിയില്‍ ആക്ഷേപം.
കനകകുന്നില്‍ ഔദ്യോഗിക വാഹനത്തില്‍ നടക്കാനെത്തിയ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ ഡ്രൈവര്‍ ഗവാസക്കറെ മര്‍ദ്ദിച്ചുവെന്ന പരാതി ശരിവെച്ചാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഗവാസ്‌ക്കര്‍ അസഭ്യം പറഞ്ഞുവെന്നും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നുമുള്ള എഡിജിപിയുടെ മകളുടെ ആരോപണം സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈംബ്രാഞ്ച് എഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ട് അഞ്ചുമാസം കഴിഞ്ഞു. എന്നാല്‍, ഇതുവരെയും എഡിജിപയുടെ മകള്‍ക്കെതിരെ കുറ്റപത്രം നല്‍കാന്‍ ക്രൈംബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല.
കുറ്റപത്രം നല്‍കാന്‍ പൊലീസിന് മുന്നില്‍ ഒരു തടസ്സവുമില്ലാതിരുന്നിട്ടും കോടതിയില്‍ കേസുണ്ടെന്ന ന്യായം പറഞ്ഞ് എഡിജിപിയുടെ മകളെ രക്ഷിക്കാന്‍ നീക്കം നടക്കുന്നു എന്നാണ് ആക്ഷേപം ഉയരുന്നത്.