കോഴിക്കോട്: മതസ്പര്‍ധ വളര്‍ത്തുന്ന പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നുവെന്ന സ്‌കൂളുകള്‍ക്കെതിരായ പരാതിയിലെ അന്വേഷണത്തില്‍ വിദ്യാഭ്യാസ വകുപ്പ് സഹകരിക്കുന്നില്ലെന്ന് പൊലീസ്.
കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കെതിരെ കോഴിക്കോട് സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ചാണ്പരാതി നല്‍കിയത്.
പയ്യാനക്കല്‍, പന്നിയങ്കര, എന്നിവടങ്ങളില്‍ മതപഠന കേന്ദ്രങ്ങളോട് അടുത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് പ്രീ പ്രൈമറി സ്‌ക്കൂളുകളും, ചെറുവത്തൂരിലെ ഒരു സ്‌ക്കൂളിനെതിരെയുമാണ് പൊലീസ് അന്വേഷണം നടത്തിയിരുന്നത്.
ഈ സ്‌കൂളുകളിലെ സിലബസുകള്‍ സാമുദായിക സ്പര്‍ധയും മതവിദ്വേഷവും വളര്‍ത്തുന്നതാണെന്ന് പൊലീസ് കണ്ടെത്തി. കേരള വിദ്യാഭ്യാസ വകുപ്പിന്റെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചല്ല ഈ സ്‌ക്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് പൊലീസ് റിപ്പോര്‍ട്ടും നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ഡിഡി ഗിരീഷ് ചോലയിലിനോട് സ്‌ക്കൂളുകളിലെത്തി പരിശോധന നടത്താന്‍ പൊലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ പൊലീസിന്റെ ആവശ്യത്തോട് അനുകൂലമായല്ല ഡിഡി പ്രതികരിച്ചത്.