ന്യൂഡല്‍ഹി: എയര്‍ ഏഷ്യ വിമാനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ അമ്മ പത്തൊമ്പതുകാരിയായ തായ്‌ക്കോണ്ടോ താരമാണെന്ന് വ്യക്തമാക്കി പൊലീസ്.
ആറ് മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം വിമാനത്തിലെ ടോയ്‌ലറ്റില്‍ നിന്നും കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ഇംഫാലില്‍ നിന്ന് ഗുവഹാട്ടിവഴി ഡല്‍ഹിയിലേക്ക് പോയ എയര്‍ ഏഷ്യ വിമാനത്തിലാണ് സംഭവം നടന്നത്. ടോയ്‌ലറ്റ് പേപ്പറില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
സംഭവത്തേത്തുടര്‍ന്ന് പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയും യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. വിമാനം ഡല്‍ഹിയിലെത്തിയ ശേഷം എല്ലാ സ്ത്രീ യാത്രികരേയും ചോദ്യം ചെയ്തതില്‍ നിന്നുമാണ് കുഞ്ഞിന്റെ അമ്മയെ തിരിച്ചറിഞ്ഞതെന്ന് എയര്‍ ഏഷ്യ അറിയിച്ചു. സംഭവം സിവില്‍ ഏവിയേഷന്‍ ഡയറക്ടറെ അറിയിച്ചിട്ടുണ്ടെന്നും എയര്‍ ഏഷ്യ വ്യക്തമാക്കി.