Police alert major airports to nab Simbu over ‘Beep song’

ചെന്നൈ: സ്ത്രീകള്‍ക്കെതിരെ നാവ് ചലിച്ചാല്‍ അകത്താവും. അത് ഏത് ഉന്നതനായാലും പുരട്ചി തലൈവി ജയലളിതയുടെ നാട്ടില്‍ രക്ഷപ്പെടില്ല.

സിനിമാലോകം വിധി നിര്‍ണ്ണയിക്കുന്ന തമിഴ്‌നാട്ടില്‍ സ്വയം ‘രക്ഷയ്ക്കായ്’ ഓടുകയാണിപ്പോള്‍ പ്രമുഖ യുവതാരം ചിമ്പു.

ബീപ് ഗാനവിവാദത്തില്‍ സിപിഎം വനിതാ വിഭാഗമായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ തമിഴ്‌നാട് ഘടകം നല്‍കിയ പരാതിയില്‍ ചിമ്പുവിനെതിരെയും യുവസംഗീത സംവിധായകന്‍ അനിരുദ്ധിനെതിരെയും കേസെടുത്ത പൊലീസ്, നടപടി ശക്തമാക്കിയതിനെ തുടര്‍ന്ന് ചിമ്പു മുങ്ങിയിരിക്കുകയാണ്.

ഇതേ തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്‍തുടര്‍ന്ന് ബാംഗ്ലൂരിലും, തമിഴ്‌നാട് പൊലീസ് പരിശോധന നടത്തി വരികയാണ്.

ചിമ്പു രാജ്യത്തിന് പുറത്തേക്ക് പോവുന്നത് തടയാനും പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.

അനിരുദ്ധ് ഇപ്പോള്‍ ടൊറന്റോയിലാണ്. തിരിച്ചെത്തിയാല്‍ വിമാനത്താവളത്തില്‍ വച്ച് തന്നെ അറസ്റ്റ് ചെയ്യാനാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദ്ദേശം.

അശ്ലീല പ്രയോഗങ്ങള്‍ വരുമ്പോള്‍ സിനിമയില്‍ ഉപയോഗിക്കുന്ന വിധത്തിലുള്ള ബീപ് ശബ്ദം വരികള്‍ക്കിടയില്‍ ദ്വയാര്‍ത്ഥത്തില്‍ ഉപയോഗപ്പെടുത്തിയ ഗാനം സ്ത്രീകളെ അപമാനിക്കുന്നതാണെന്നാണ് ആക്ഷേപം. ചിമ്പുവാണ് ഗാനം പാടിയത്.

വന്‍ പ്രതിഷേധത്തിന് തിരികൊളുത്തിയ സംഭവത്തില്‍ താരങ്ങള്‍ അറസ്റ്റിലാവുമോ എന്ന് ഉറ്റു നോക്കുകയാണ് തമിഴകം.

കഴിഞ്ഞ ദിവസം ചിമ്പുവിന്റെ ടി നഗറിലുള്ള വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയെങ്കിലും നടന്‍ കടന്ന് കളഞ്ഞിരുന്നു.

നയന്‍താരയുമായുള്ള ‘ചുടുചുംബനത്തിലൂടെ’ നേരത്തെയും ചിമ്പു തമിഴ്‌നാട്ടില്‍ വിവാദം സൃഷ്ടിച്ചിരുന്നു.

ഒരു പാട്ടിലെ ‘ദ്വയാര്‍ത്ഥം’ മുന്‍ നിര്‍ത്തി ലഭിച്ച പരാതിയില്‍ പോലും സൂപ്പര്‍താരങ്ങളെ കുരുക്കുന്ന തമിഴ്‌നാട് പൊലീസ് നിയമരംഗത്ത് അദ്ഭുതമാവുമ്പോള്‍ കേരളാ പൊലീസിനുമുണ്ട് കണ്ടു പഠിക്കാന്‍ ഒരുപാട് കാര്യങ്ങള്‍.

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ തമിഴ്‌നാട് പൊലീസ് കര്‍ക്കശ നടപടി സ്വീകരിക്കുമ്പോള്‍ കേരളത്തിലെ രണ്ട് ഉന്നത ഐപിഎസ് ഓഫീസര്‍മാര്‍ക്കെതിരെ സ്ത്രീകളടക്കം ഗുരുതരമായ പരാതി നല്‍കിയിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

Top