മലപ്പുറം: സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ സുമനസുകളുടെ സഹായം നിരസിച്ച് തെരുവില്‍ അലഞ്ഞ ആദിവാസി യുവതിയെയും മക്കളെയും പൊലീസും പഞ്ചായത്തും ഐ.ടി.ഡിപിയും ചേര്‍ന്ന് മഹിളാ മന്ദിരത്തിലേക്ക് നാടുകടത്തി.
കൈക്കുഞ്ഞടക്കമുള്ള മൂന്നു മക്കളുമായി ആദിവാസി യുവതി നിഷ തെരുവില്‍ അലയുന്ന വാര്‍ത്ത വന്നതോടെയാണ് സി.പി.എം ഭരിക്കുന്ന കരുളായി പഞ്ചായത്തും അധികൃതരും ചേര്‍ന്ന് ഇവരെ ബന്ധുവീട്ടിലേക്കെന്നു തെറ്റിദ്ധരിപ്പിച്ച് മഹിളാ മന്ദിരത്തിലേക്ക് മാറ്റിയത്.
ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതോടെയാണ് അറനാടര്‍ വിഭാഗക്കാരിയായ നിഷക്ക് കരുളായി മൈലമ്പാറയിലെ കുടില്‍ ഉപേക്ഷിക്കേണ്ടി വന്നത്.
രണ്ടു മാസം മുമ്പാണ് ഇളയകുഞ്ഞിന് ജന്‍മം നല്‍കിയത്. മൂന്നും അഞ്ചും വയസുള്ള മൂത്തകുട്ടികള്‍ക്കുമൊപ്പം പിന്നെ തെരുവിലായി ജീവിതം. പലവീടുകളിലും കടവരാന്തകളിലുമായി കഴിഞ്ഞിരുന്ന ഇവരെ രണ്ടു ദിവസം മുമ്പാണ് സുരക്ഷിതത്വമില്ലാത്ത പഴയ കള്ളു ഷാപ്പു കെട്ടിടത്തിലേക്കു മാറ്റിയത്. ഇവരുടെ ദുരിത ജീവിത മറിഞ്ഞ് സുമനസുകള്‍ സഹായഹസ്തവുമായെത്തിയിരുന്നു.
ഫാ. മാത്യൂസ് വാഴക്കൂട്ടത്തില്‍ നിലമ്പൂര്‍ രാമംകുത്തില്‍ വീടുവെക്കാനായി നാലു സെന്റ് ഭൂമി നല്‍കാമെന്നറിയിച്ചു. സംസ്‌ക്കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് കരുളായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടം പേരില്‍ ഇവിടെ വീടു നിര്‍മ്മിച്ചു നല്‍കാമെന്നും അതുവരെ താമസിക്കാനായി വാടകവീട് ഒരുക്കാമെന്നും ഉറപ്പു നല്‍കി. കെ.എം.സി.സി, വിവിധ വ്യക്തികളും സഹായ വാഗ്ദാനവുമായെത്തി.
എന്നാല്‍ സി.പി.എം ഭരിക്കുന്ന കരുളായി പഞ്ചായത്തു പ്രസിഡന്റ് വി. അസൈനാരും അധികൃതരും സുമനസുകളുടെ സഹായം സ്വീകരിക്കുന്നത് സര്‍ക്കാരിന് നാണക്കേടാകുമെന്ന് പറഞ്ഞ് പൊലീസുമായെത്തുകയായിരുന്നു.
നാടുവിട്ട് തവനൂരിലേക്കു പോകാന്‍ നിഷ വിസമ്മതിച്ചു. എന്നാല്‍ പൂക്കോട്ടുംപാടം എസ്.ഐ അമൃത്‌രംഗന്‍, ഐ.ടി.ഡി.പി അധികൃതര്‍ എന്നിവര്‍ നാലര മണിക്കൂര്‍ ചര്‍ച്ച നടത്തി പൊട്ടിക്കല്ലില്‍ അമ്മയുടെ വീട്ടിേേലേക്ക് തല്‍ക്കാലം മാറിതാമസിക്കാമെന്നു വിശ്വസിപ്പിച്ചാണ് നിഷയെയും മക്കളെയും മഹിളാ മന്ദിരത്തിലേക്കു മാറ്റിയത്.
നിറകണ്ണുകളോടെയാണ് നിഷ പൊലീസിനൊപ്പം പോയത്. സ്‌പെഷല്‍ ജുവനൈല്‍ പൊലീസ് യൂണിറ്റിന്റെയോ ചൈല്‍ഡ് ലൈനിന്റെയോ സഹായം തേടാതെയാണ് യൂണിഫോമില്‍ പൊലീസ് കുട്ടികളെ മാതാവിനൊപ്പം മഹിളാമന്ദിരത്തിലേക്കു മാറ്റിയത്.
കുട്ടികളെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ശിശു ക്ഷേമസമിതി ചെയര്‍മാന്‍ എം. മണികണ്ഠന്‍ പറഞ്ഞു.
റിപ്പോര്‍ട്ട് : എം വിനോദ്