തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥ നിയമനങ്ങള്‍ പൂര്‍ണ്ണമായും അഴിമതിരഹിതമാക്കി പിണറായി.
മുന്‍കാലങ്ങളില്‍ സിഐ തലം മുതല്‍ ഉന്നത ഉദ്യോഗസ്ഥ തലം വരെ വന്‍ കോഴ വാങ്ങിയാണ് അഴിമതിക്കാരായ നിരവധി ഉദ്യോഗസ്ഥര്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ നിയമനം നല്‍കിയതെന്ന ആക്ഷേപമുയര്‍ന്നിരുന്നു.
യുഡിഎഫ് നിലപാടിനേക്കാളും സാമ്പത്തിക താല്‍പര്യമാണ് നിയമനത്തില്‍ പ്രകടമായിരുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ പാടെ മാറ്റം വരുത്തിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍.
സാമ്പത്തികം പോയിട്ട് പാര്‍ട്ടി ശുപാര്‍ശകള്‍ പോലും പൊലീസ് നിയമനങ്ങളില്‍ മാനദണ്ഡമായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
വിജിലന്‍സ്-ഇന്റലിജന്‍സ് ക്ലിയറന്‍സോടെ നിയമനം നല്‍കുന്ന സാഹചര്യമാണ് ആഭ്യന്തരവകുപ്പ് പിന്‍തുടരുന്നത്. ഇതില്‍ പോലും പാര്‍ട്ടി താല്‍പര്യം പരിഗണിക്കുന്നില്ല.
പിണറായി അധികാരമേറ്റയുടനെ നടത്തിയ ഐപിഎസ് ഉദ്യോഗസ്ഥരുടെ നിയമനത്തില്‍ കളങ്കിതരായ ചില ഉദ്യോഗസ്ഥര്‍ പ്രധാന തസ്തികകളില്‍ കയറിപ്പറ്റിയത് സര്‍ക്കാരിന്റെ ശോഭ കെടുത്തിയിരുന്നു.
ആഭ്യന്തര സെക്രട്ടറി തയ്യാറാക്കിയ ലിസ്റ്റ് പരിശോധനക്ക് വിധേയമാക്കാതെ പരിഗണിച്ചതാണ് ഈ അബദ്ധത്തിന് കാരണമായതത്രെ.
ജനുവരിയില്‍ നടക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ പ്രമോഷനോടനുബന്ധിച്ച് ഇതിന് ‘പ്രതിവിധി’ ഉണ്ടാകുമെന്നാണ് അറിയുന്നത്.
കോപ്പിയടിക്ക് പിടിക്കപ്പെട്ട ഉദ്യോഗസ്ഥന്‍, ഡിവൈഎസ്പിയെ കൈക്കൂലി കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിന് സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥന്‍, ക്വാറി മാഫിയയുടെ അടുത്ത് നിന്ന് കൈക്കൂലി വാങ്ങിയതിന് സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥന്‍, കൊലക്കേസ് പ്രതിയെ വഴിവിട്ട് സഹായിച്ചതിന് നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥന്‍ തുടങ്ങിയവരാണ് പിണറായിയുടെ പൊലീസ് നയത്തിന് വിരുദ്ധമായി നിയമനം ലഭിച്ച ഐപിഎസ് ഉദ്യോഗസ്ഥര്‍.
പൊതുവെ ജില്ലാ പൊലീസ് മേധാവികളുടെ നിയമനത്തില്‍ നേരിട്ട് ഐപിഎസ് ലഭിച്ച ഉദ്യോഗസ്ഥരോട് കഴിഞ്ഞ ഇടത് സര്‍ക്കാര്‍ കാണിച്ച പരിഗണന ഇത്തവണയും പിണറായി കാണിച്ചുവെന്നത് എടുത്ത പറയേണ്ട കാര്യം തന്നെയാണ്.
ഐപിഎസ്-കെപിഎസ് ഉദ്യോഗസ്ഥരെ പരിശോധിക്കുമ്പോള്‍ പൊതുവെ അഴിമതി കുറവും എണ്ണത്തില്‍ കുറവും നേരിട്ട് ഐപിഎസ് വാങ്ങിയ ഉദ്യോഗസ്ഥര്‍ തന്നെയാണ്.
മുന്‍കാലങ്ങളില്‍ പണം നല്‍കി ക്രമസമാധാന ചുമതല തരപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ കൊടുത്ത കാശ് മുതലാക്കാന്‍ കൂടി പിരിവിന് ഇറങ്ങുന്നത് വലിയ അഴിമതിക്കാണ് ഇടവരുത്തിയിരുന്നത്.
ഇക്കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ എടുത്ത നിലപാട് മൂലം കാലങ്ങളായി ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട മിടുക്കരായ നിരവധി ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ നിയമനം ലഭിച്ചിട്ടുണ്ട്.
സാധാരണ ഇടത് ഭരണത്തില്‍ തലപൊക്കാറുള്ള ഇടത് അനുകൂല പൊലീസ് സംഘടന നേതാക്കളും പിണറായിയെ പേടിച്ച് ഇപ്പോള്‍ ഉദ്യോഗസ്ഥ നിയമനങ്ങളില്‍ ഇടപെട്ട് സൂപ്പര്‍ പവറാവാന്‍ ശ്രമിക്കറില്ല. ശ്രമിച്ചാല്‍ വിവരമറിയുമെന്നത് തന്നെ കാര്യം.